Skip to main content
ചേര്‍ത്തല

തീരദേശനിയമം ലംഘിച്ച് പണികഴിപ്പിച്ച പാണാവള്ളി പഞ്ചായത്തിലെ ബനിയന്‍ ട്രീ റിസോര്‍ട്ട് പത്ത് ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ആലപ്പുഴ ജില്ലാകളക്ടര്‍ നോട്ടീസ് നല്‍കി. വ്യാഴാഴ്ച രാവിലെ ഉദ്യോഗസ്ഥരോടൊപ്പം നെടിയന്‍തുരുത്തിലെ റിസോര്‍ട്ടിലെത്തിയാണ് മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നോട്ടീസ് നല്‍കിയത്. അതിനിടെ, സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള ഹോട്ടല്‍ ശ്രംഖലയായ ബനിയന്‍ ട്രീ തങ്ങളുടെ വെബ്സൈറ്റില്‍ നിന്ന്‍ ഈ റിസോര്‍ട്ടിന്റെ വിവരങ്ങള്‍ നീക്കി.

 

 

റിസോര്‍ട്ടുകള്‍ പൊളിക്കാതെ പാണാവള്ളി പഞ്ചായത്ത്; ലംഘിക്കപ്പെടുന്നത് സുപ്രീംകോടതി വിധി

 

കഴിഞ്ഞ ആഗസ്ത് ആറിനാണ് പാണാവള്ളി പഞ്ചായത്തിലെ നെടിയന്‍തുരുത്തില്‍ മിനി മുത്തൂറ്റും കുവൈത്ത് കമ്പനി കാപ്പിക്കോയും മുഖ്യ പ്രൊമോട്ടര്‍മാരായ ബനിയന്‍ ട്രീ റിസോര്‍ട്ട് പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി വിധി വന്നത്. സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് റിസോര്‍ട്ട് മാനേജ്മെന്റ് അറിയിച്ചെങ്കിലും കളക്ടര്‍ എന്‍. പദ്മകുമാര്‍ നോട്ടീസ് നല്‍കുകയായിരുന്നു.

 

നേരത്തെ, ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ആഗസ്ത് അവസാനം പാണാവള്ളി പഞ്ചായത്ത് റിസോര്‍ട്ടുടമകള്‍ക്ക് പൊളിക്കുന്നതിനായി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അതിനു തൊട്ടുപിന്നാലെ പൊളിക്കുന്നതിനെതിരായി പഞ്ചായത്ത് പ്രമേയം പാസ്സാക്കുകയും ഇതിനാവശ്യമായ സാങ്കേതിക-സാമ്പത്തിക സൗകര്യങ്ങള്‍ തങ്ങള്‍ക്കില്ലെന്ന് ജില്ലാഭരണകൂടത്തെ അറിയിക്കുകയും ചെയ്തിരുന്നു. പൊളിച്ചുനീക്കുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് നല്‍കപ്പെട്ട നിവേദനത്തില്‍ നാല് ഇടതുപക്ഷ എം.എല്‍.എ മാര്‍ ഒപ്പിട്ടതും വിവാദമായിരുന്നു. അതിനെതുടര്‍ന്ന് അവര്‍ നിവേദനത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.

 

തുരുത്ത് മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന റിസോര്‍ട്ടിന് 1,24000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. റിസോര്‍ട്ടിലേക്ക് കഴിഞ്ഞ ആഴ്ച വരെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാനുള്ള സൗകര്യം നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സൈറ്റിലെ ഹോട്ടലുകളുടെ പട്ടികയില്‍ പോലും ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഏക റിസോര്‍ട്ടായ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ വെബ്സൈറ്റില്‍ റിസോര്‍ട്ടിന്റെ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.

 

സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ഉണ്ടാവുന്ന കോടതിയലക്ഷ്യത്തെ മുന്നില്‍ കണ്ടുകൊണ്ട് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് കളക്ടര്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് പിന്മാറിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ജില്ലാഭരണകൂടം ഇപ്പോള്‍ നടത്തുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് വേണ്ടി മാധ്യമ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച വൈകീട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന്  മാധ്യമ ഓഫീസുകളെ വിവരമറിയിച്ചതെന്നും ആരോപണമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത പ്രതിഷേധവും ചെറുത്തുനില്‍പ്പുമുണ്ടായാല്‍ അതിന്റെ പേരില്‍ പൊളിക്കല്‍ ശ്രമം ഉപേക്ഷിക്കാനാണ് സാധ്യതയെന്നും ആരോപണമുന്നയിക്കുന്നവര്‍ പറയുന്നു.