ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ പെടുന്ന കായല്‍ത്തുരുത്തുകള്‍ അനധികൃതമായി കയ്യേറി പണിത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ നീളുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അവരുടെ നേതാക്കളും മാധ്യമങ്ങളും നിശബ്ദം. സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ ജില്ലാഭരണകൂടം പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയോട് ഔപചാരികമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് പഞ്ചായത്ത് റിസോര്‍ട്ടുകള്‍ക്ക് സെപ്തംബര്‍ അവസാനം സാങ്കേതികമായി നോട്ടീസ് നല്‍കി. എന്നാല്‍, റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കിയാല്‍ പഞ്ചായത്തിന് ഭീമമായ നഷ്ടമുണ്ടാവുമെന്ന് അടുത്തദിവസം പാണാവള്ളി പഞ്ചായത്ത് ഒരു പ്രമേയവും പാസ്സാക്കി. ഈ റിസോര്‍ട്ടുകള്‍ പൊളിക്കാനുള്ള സാങ്കേതിക-സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്ന് പാണാവള്ളി പഞ്ചായത്ത് ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. റിസോര്‍ട്ടുകള്‍ പൊളിക്കപ്പെടാതെ സുപ്രീംകോടതി വിധി ഫലത്തില്‍ ലംഘിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
തുരുത്തിന്റെ 2006 മുതലുള്ള ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത് റിസോര്‍ട്ട് നടത്തിയ പാരിസ്ഥിതിക ആഘാതത്തിന്റെ വ്യാപ്തി. |
പരിസ്ഥിതിയോട് മുഖം തിരിച്ച്
പാണാവള്ളി പഞ്ചാത്തതിര്‍ത്തിയില്‍ തന്നെ ചെറുതുരുത്തുകളിലും കായല്‍ തീരത്തുമായി പന്ത്രണ്ടോളം റിസോര്‍ട്ടുകളാണുള്ളത്. അവയെല്ലാം തീരസംരക്ഷണ നിയമം, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം എന്നിവയുടെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് അനധികൃതമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. നിയമം ലംഘിച്ച് തീരം കയ്യേറിയുള്ള റിസോര്‍ട്ടുകളുടെ നിര്‍മ്മാണത്തിന് പഞ്ചായത്തുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗിക തലങ്ങളില്‍ നിന്നും റിസോര്‍ട്ടുടമകള്‍ക്ക് സഹായം ലഭ്യമായിരുന്നു. തീരസംരക്ഷണനിയമം ലംഘിച്ചതു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സ്വകാര്യ അന്യായത്തെത്തുടര്‍ന്ന് കേരള ഹൈക്കോടതി മൂന്നു മാസത്തിനകം ഈ റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാന്‍ ജൂലൈ 25-ന് ഉത്തരവായതായിരുന്നു. ഇതിനെതിരെ റിസോര്‍ട്ടുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടുള്ള പരമോന്നത കോടതിയുത്തരവുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ റിസോര്‍ട്ടുടമകള്‍ മുഖ്യമന്ത്രിയെ സമീപിച്ചു. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുപോലെ ആവശ്യം ഉന്നയിച്ചാല്‍ അനുകൂലമായ എന്തെങ്കിലും നിലപാടടെടുക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐ.എമ്മിലെ നാല് പേരടക്കം എം.എല്‍.എമാരും മതമേലധ്യക്ഷന്മാരുമുള്‍പ്പടെയുള്ളവര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടത്. സുരേഷ് കുറുപ്പ്, ആര്‍.രാജേഷ്, എ.എം.ആരിഫ്, സാജൂപോള്‍ എന്നിവരാണ് ഒപ്പിട്ട ഇടതുപക്ഷ എം.എല്‍.എമാര്‍. എന്നാല്‍, സംഭവം വിവാദമായതിനെതുടര്‍ന്ന് ഇവര്‍ ഈ നിവേദനത്തില്‍ നിന്ന് പിന്‍വാങ്ങി.
പഞ്ചായത്തിനുണ്ടാവുന്ന ഭീമമായ നഷ്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഈ എം.എല്‍.എമാര്‍ ഒപ്പിട്ടത്. സി.പി.ഐ.എം. നേതാവ് എം.എം.ലോറന്‍സ് മാത്രമാണ് കര്‍ക്കശമായ ഭാഷയില്‍ ഈ നിലപാടിനെതിരെ പരസ്യമായി രംഗത്തുവന്നത്. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും കാര്യമായ രീതിയില്‍ ഇതിനെതിരെ പ്രതിഷേധിക്കുകയുണ്ടായില്ല. മൂന്നാറിലേക്കാള്‍ ഗുരുതരമായ അനധികൃത കയ്യേറ്റമാണ് ഇവിടെ നടക്കുന്നത്. സുപ്രീംകോടതിയുടെ വിധി നടപ്പാക്കേണ്ട സാഹചര്യവുമാണ്. ഒറ്റപ്പെട്ട പ്രതിഷേധത്തിന്റെ സ്വരമുയര്‍ത്തി നിര്‍ണ്ണായക അവസരങ്ങളില്‍ ജനപക്ഷത്തു നില്‍ക്കുന്നുവെന്ന ധാരണയുള്ള എല്ലാ നേതാക്കളേയും പലരും ഈ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി സമീപിക്കുകയുണ്ടായി. വിഷയം പഠിക്കട്ടെ എന്നാണ് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്. ചെറിയ കോടതി പരാമര്‍ശങ്ങള്‍ പോലും വന്‍ വിവാദവും മുഴുവന്‍സമയ ചര്‍ച്ചകള്‍ക്ക് വിഷയവുമാക്കുന്ന ചാനലുകളും ഇതില്‍ മൗനം പാലിക്കുന്നു. അതേപോലെ പ്രമുഖ പത്രങ്ങളുള്‍പ്പടെയുള്ള മറ്റ് മാധ്യമങ്ങളും.
സുരക്ഷക്കും ഭീഷണി?
പാണാവള്ളി പഞ്ചായത്തിലെ റിസോര്‍ട്ടുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സിംഗപ്പൂര്‍ കമ്പനിയായ ബനിയന്‍ ട്രീ നടത്തുന്ന നെടിയന്‍തുരുത്തിലെ റിസോര്‍ട്ടാണ്. കുവൈത്ത് കമ്പനി കാപ്പിക്കോയും കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മിനി മുത്തൂറ്റും ചേര്‍ന്ന് രൂപീകരിച്ച കാപ്പിക്കോ കേരള റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ റിസോര്‍ട്ടിന്റെ പ്രൊമോട്ടര്‍മാര്‍. തുരുത്ത് മുഴുവനായും റിസോര്‍ട്ടിന്റെ കൈവശമാണ്. ആലപ്പുഴ കളക്ടറായിരുന്ന പി. വേണുഗോപാല്‍ 2012-ല്‍ ഈ റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിനെതിരെ റവന്യുമന്ത്രിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയതാണ്. തദ്ദേശ സ്ഥാപനത്തെ കൂട്ടുപിടിച്ചുകൊണ്ട് വേമ്പനാട്ടുകായലിലെ ഒരു തുരുത്തുതന്നെ വിദേശ ശക്തികള്‍ അനധികൃതമായി കൈയ്യടക്കുന്നു എന്ന് കാണിച്ചുകൊണ്ടാണ് അന്നത്തെ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നുമറിയുന്നു. ഭാവിയില്‍ അത് രാജ്യസുരക്ഷയെത്തന്നെ ദോഷമായി ബാധിക്കുന്ന തരത്തിലാവുമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതായാണറിവ്. തീരദേശനിയമ ലംഘനത്തിനേക്കാള്‍ ഗൗരവമുള്ളതാണ് ആലപ്പുഴയിലെ തുരുത്തുകള്‍ ഇത്തരം വിദേശ ശക്തികളുടെ അധീനതയിലാകുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നതായാണ് അറിയാന്‍ കഴിയുന്നത്.
പാണാവള്ളി പഞ്ചായത്തിലെ ഈ തുരുത്തിലെ ഒറ്റ റിസോര്‍ട്ടിന്റെ മുതല്‍ മുടക്ക് 450 കോടി രൂപയാണെന്ന് അറിയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്ന്‍ വായ്പ എടുത്തിരിക്കുന്നത് 165 കോടി രൂപയാണ്. പ്രക്ഷോഭങ്ങളേയും എതിര്‍പ്പുമായി വരുന്നവരേയും അഭിമുഖീകരിക്കുന്നതിനായി ഈ റിസോര്‍ട്ട് വകകൊള്ളിച്ചിട്ടുള്ളത് അഞ്ചുകോടി രൂപയാണെന്നും അറിയുന്നു. അഖിലേന്ത്യാ ബന്ദ് നടന്നപ്പോള്‍ ഈ തുരുത്തില്‍ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുത്തുകൊണ്ട് തടസ്സമില്ലാതെ പണിനടന്നിരുന്നു. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാകുന്നതിന് കായലിനടിയിലൂടെയാണ് മുപ്പതുകോടി രൂപാ ചിലവില്‍ വൈദ്യുതി എത്തിച്ചിട്ടുള്ളത്. ഇതൊക്കെ ഔദ്യോഗിക നൂലാമാലകളോ തടസ്സങ്ങളോ ഒന്നുമില്ലാതെ നടക്കുകയും ചെയ്തു. 2007 ഒക്ടോബര്‍ അഞ്ചിന് അപേക്ഷ സമര്‍പ്പിച്ച അന്ന് തന്നെയാണ് പഞ്ചായത്ത് റിസോര്‍ട്ടിന് അനുമതി നല്‍കിയതെന്ന കാര്യം ഹൈക്കോടതി വിധിന്യായത്തില്‍ എടുത്തു പറയുന്നു.
എല്ലാ ചട്ടവും ലംഘിച്ചു!
2007 ജൂലൈയില്‍ നിലവില്‍ വന്ന കെട്ടിട നിര്‍മ്മാണ ചട്ടം അനുസരിച്ച് ഉള്‍നാടന്‍ ദ്വീപുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരദേശ നിയമം അനുസരിച്ചാണ് നടത്തേണ്ടത്. തീരത്ത് നിന്ന്‍ 50 മീറ്റര്‍ വിട്ടേ നിര്‍മ്മാണം നടത്താവൂ, കെട്ടിടത്തിന്റെ പരമാവധി ഉയരം ഒന്‍പത് മീറ്റര്‍ ആയിരിക്കണം, രണ്ടു കെട്ടിടങ്ങള്‍ക്കിടയില്‍ 20 മീറ്റര്‍ അകലമ വേണം എന്നിങ്ങനെ ഒരുവിധം എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് നിര്‍മ്മാണം. അഞ്ചു കോടി രൂപയില്‍ അധികം ചെലവ് വരുന്ന പദ്ധതികള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി വേണമെന്നും നിബന്ധനയും പാലിച്ചിട്ടില്ല.
മുന്‍ കളക്ടര്‍ വേണുഗോപാല്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ ഒരുവിധ അന്വേഷണമോ നടപടിയോ സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായില്ല. ആ റിപ്പോര്‍ട്ടില്‍ വേമ്പനാട്ടുകായലിലെ ചെറിയ തുരുത്തുകള്‍ ഇത്തരത്തില്‍ വിദേശ കമ്പനികളുള്‍പ്പടെയുള്ളവര്‍ വാങ്ങിക്കൂട്ടുന്നതും സൂചിപ്പിച്ചിരുന്നു. ഈ തുരുത്തുകളിലുള്ള അപൂര്‍വ്വം താമസക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചുകൊണ്ടാണ് അവര്‍ തുരുത്തുകള്‍ സ്വന്തമാക്കിയിട്ടുള്ളത്. കേരളത്തിലെ ഒട്ടേറെ പ്രമുഖ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ഇവിടെ തുരുത്തുകള്‍ സ്വന്തമായുണ്ട്. ഇപ്പോഴുള്ളതും മരിച്ചുപോയതുമായ ചില ദേശീയ നേതാക്കളില്‍ ചിലര്‍ക്കും ഇവിടെ സ്വന്തമായി തുരുത്തുകളുള്ളതായാണറിവ്. ഈ വ്യാപകമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ഇതുവരെ മാധ്യമങ്ങളില്‍ ഊര്‍ജിതമാകാതിരിക്കുന്നത്.
നശിക്കുന്നത് റാംസാര്‍ സൈറ്റ്
നീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയായ റാംസാര്‍ കണ്‍വെന്‍ഷന്‍ അനുസരിച്ച് അന്താരാഷ്ട്ര പ്രാധാന്യമുള്ള നീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് വെമ്പനാട് തടാകം. 42,000 ഹെക്ടര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ഈ തടാകത്തിന്റെ വിസ്തൃതി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് 12.000 ഹെക്ടര്‍ ആയി കുറഞ്ഞു. രാഷ്ട്രീയ കക്ഷികളും പ്രമുഖ പരിസ്ഥിതി സംഘടനകളും റിസോര്‍ട്ടുകളുടെ ഈ അനധികൃത കൈയ്യേറ്റത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാത്ത പശ്ചാത്തലത്തില്‍ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സമരപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ജി.സുധാകരന്‍ എം.എല്‍.എ പരിഷത്തിന്റെ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഈ സമരപരിപാടികള്‍ക്കും മുഖ്യധാരാ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം കിട്ടുകയുണ്ടായില്ല. തീരദേശനിയമം ലംഘിച്ചതിന്റെ പേരിലാണ് സുപ്രീംകോടതി വിധി വന്നതെങ്കിലും പാണാവള്ളി പഞ്ചായത്തില്‍ പൊളിക്കപ്പെടാതെ അവശേഷിക്കുന്ന റിസോര്‍ട്ടുകള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ഇവയാണ്:
- വേമ്പനാട്ടുകായലിലെ തുരുത്തുകള്‍ താമസക്കാരെ ഒഴിപ്പിച്ച് സ്വന്തമാക്കപ്പെടുന്നു.
- തീരദേശനിയമമുള്‍പ്പടെ എല്ലാ തദ്ദേശീയനിയമങ്ങളും ലംഘിക്കപ്പെട്ടുകൊണ്ട് റിസോര്‍ട്ടുകള്‍ ഉയരുന്നു
- എല്ലാ നിയമങ്ങളും പരസ്യമായി ലംഘിക്കപ്പെട്ടിട്ടും ഭരണ-പ്രതിപക്ഷ, പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നില്ല
- സുപ്രീംകോടതി വിധി നഗ്നമായി ലംഘിക്കപ്പെടുന്നു
- സമീപകാല കേരളചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ നിയമലംഘനവും അനധികൃത തുരുത്തുകൈയ്യേറ്റവും ഗുരുതരമായ പാരിസ്ഥിതിക നാശമുണ്ടായിട്ടും സുപ്രീംകോടതി വിധി അട്ടിമറിക്കപ്പെട്ടിട്ടും കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ സംയുക്തമായി നിശബ്ദതയില്‍.