Skip to main content
ന്യൂഡല്‍ഹി

ഉത്തേജക മരുന്ന് വിവാദത്തെത്തുടര്‍ന്ന് മലയാളി അത്‌ലറ്റ്‌ രഞ്ജിത് മഹേശ്വരിയെ അര്‍ജുന അവാര്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കും. ശനിയാഴ്ച വൈകീട്ട് അവാര്‍ഡ് നല്‍കാനിരിക്കെയാണ് അവാര്‍ഡ് പട്ടിക പുന:പരിശോധിക്കുന്നത്.

 

2008ല്‍ നടന്ന നാല്പത്തിയെട്ടാമത് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലുണ്ടായ ഉത്തേജക പരിശോധനയില്‍ രഞ്ജിത് പരാജയപ്പെട്ടുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് രഞ്ജിത്ത് മൂന്നു മാസത്തെ സസ്പെന്‍ഷനു വിധേയമായിരുന്നു. ഉത്തേജ മരുന്ന ഉപയോഗത്തില്‍ നടപടി നേരിട്ട താരത്തിന് അര്‍ജുന അവാര്‍ഡ് നല്‍കരുതെന്നതിനെത്തുടര്‍ന്നാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം കായിക മന്ത്രാലയം ഉടനെ പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

 

കായികദിനമായ ഓഗസ്റ്റ് 29നാണ് അര്‍ജുന അവാര്‍ഡ് വിതരണം ചെയ്യേണ്ടിയിരുന്നതെങ്കിലും കായികമന്ത്രി ജിതേന്ദ്രസിംഗിന്റെ അസൌകര്യം നിമിത്തം ശനിയാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. അതേസമയം അവസാനനിമിഷമുണ്ടായ തീരുമാനം പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. 2010-ലെ അര്‍ജുന അവാര്‍ഡ് നിര്‍ണയ നിയമമനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കോ ഉത്തേജകമരുന്ന്‌ പരിശോധനയില്‍ പരാജയപ്പെട്ടവര്‍ക്കോ അവാര്‍ഡ്‌ നല്‍കാനാവില്ല. എന്നാല്‍ അവാര്‍ഡിന്‌ ശുപാര്‍ശ ചെയ്യുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളെ കുറിച്ച്‌ അന്വേഷിക്കേണ്ടതണെന്നും രഞ്‌ജിത്‌ മഹേശ്വരിയെ എന്തുകൊണ്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നതിനെ സംബന്ധിച്ചും ചോദ്യങ്ങള്‍ നിരവധിയാണ്.

 

മലയാളി വോളിബോള്‍ താരം ടോം ജോസഫിനെ അര്‍ജുന അവാര്‍ഡ് പരിഗണനയില്‍ നിന്നും ഒന്‍പതാം തവണയും ഒഴിവാക്കിയ വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും അര്‍ജുന അവാര്‍ഡുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളുണ്ടാവുന്നത്.

Tags