Skip to main content
തൊടുപുഴ

കാലവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂന്നു പേര്‍ മരിച്ചു. കോടികളുടെ നാശ നഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഒട്ടേറെ വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 12കോടി രൂപയുടെ നാശ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

 

വിവിധയിടങ്ങളിലായി 80-ലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വിരിപാറ, പാമ്പുംകയം, മാങ്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് ചൊവാഴ്ച ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. മണ്ണിടിച്ചിലിലും വെളളപ്പാച്ചിലിലും ഏക്കറു കണക്കിനു കൃഷിയിടങ്ങള്‍ ഒലിച്ചുപോയതിനു പുറമേ കല്ലാറ് പുഴയില് വെളളം പൊങ്ങി കല്ലാറ് പീച്ചാട് കുരിശുപാറ പ്രദേശങ്ങളിലെ ഒട്ടേറെ കടകള്‍ക്കും വീടുകള്‍ക്കും നാശമുണ്ടായി. നിരവധി സ്ഥലത്ത് റോഡുകളും പാലങ്ങളുമൊക്കെ ഒലിച്ചുപോയി.

 

കൊടല്ലുകുടി, ഞാവല്‍പാറ തുടങ്ങിയ സ്ഥലങ്ങളില്‍ 200-ലധികം ആദിവാസി കുടുംബങ്ങള്‍ വനത്തില്‍ നിന്നും പുറത്തേക്കെത്താന്‍ കഴിയാതെ കുടുങ്ങിക്കിടപ്പുണ്ട്. ഹൈറെഞ്ചില്‍ മഴ തുടരുന്നത് ഇനിയും അപകട സാധ്യത വര്‍ധിപ്പിക്കുമെന്നു അധികൃതര്‍ പറയുന്നത്. ജില്ലാഭരണകൂടം ദുരിതാശ്വാസ കാമ്പ് തുറന്നിട്ടുണ്ട്.

Tags