സുബൈര്‍ കൂറ്റനാട്
കൂറ്റനാട്: ശുദ്ധവായുവിന് വേണ്ടി ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ സമരരംഗത്ത്. പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ വീട്ടമ്മമാര്‍ ആണ് മീന്‍ ഗുളിക ഫാക്ടറിയില്‍ നിന്നുള്ള ദുര്‍ഗന്ധത്തില്‍ പൊറുതി മുട്ടി തെരുവിലിറങ്ങിയത്. തൃശ്ശൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന തൊട്ടടുത്ത കടങ്ങോട് പഞ്ചായത്തിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ഈ കൊടിയ വേനലിലും സന്ധ്യയോടെ ജനലും വാതിലുമൊക്കെ കൊട്ടിയടക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. വെച്ചുണ്ടാക്കിയ ഭക്ഷണം പോലും ആശ്വാസത്തോടെ കഴിച്ച് ഉറങ്ങാന്‍ കഴിയുന്നില്ല എന്നാണിവര്‍ പറയുന്നത്.
കുടുംബശ്രീയുടെ 16 യൂണിറ്റുകളിലെ സ്ത്രീകള്‍ ആണ് സമരത്തിന്റെ മുന്‍നിരയില്‍. ബുധനാഴ്ച ഇവരുടെ നേതൃത്വത്തില്‍ കോതച്ചിറയില്‍ നിന്ന് ഫാക്ടറിയിലേക്ക് പ്രതിഷേധ ജാഥയും തുടര്‍ന്ന് ധര്‍ണ്ണയും നടത്തി.