ഒരു വിഷയത്തില്‍ സാധാരണക്കാരന്റെ സാമാന്യബുദ്ധിയെ അഭിസംബോധന ചെയ്യുന്ന വിധമെങ്കിലും പ്രതികരിക്കാനുള്ള പ്രാപ്തി പോലും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നു. അതാണ് ഡോക്ലാമിലെ ഇന്ത്യാ-ചൈനാ സംഘര്‍ഷം ഒഴിവായതിനെ തുടര്‍ന്നുണ്ടായ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രതികരണം. സംഘര്‍ഷം ഒഴിവായെങ്കിലും ഡോക്ലാമില്‍ ചൈന ഇനിയും റോഡ് നിര്‍മ്മിക്കില്ല എന്നുറപ്പു പറയാന്‍ പറ്റുമോ എന്നാണ് കോണ്‍ഗ്രസ്സ് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തിവാരിയും ശശി തരൂരുമാണ് ഈ ചോദ്യം ഔപചാരികമായി ഉന്നയിച്ചിട്ടുള്ളത്.
ഡോക്ലാം സംഘര്‍ഷം ഉണ്ടാകാന്‍ കാരണം ചൈനയാണ്. ഭൂട്ടാനും ചൈനയും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂട്ടാന്റെ കൈവശമുള്ള ഡോക്ലാമില്‍ ചൈന റോഡ് നിര്‍മ്മിക്കാന്‍ തുടങ്ങിയതാണ് സംഘര്‍ഷത്തിനു തുടക്കം കുറിച്ചത്. ഭൂട്ടാനും ഇന്ത്യും തമ്മിലുള്ള കരാര്‍ പ്രകാരം ഭൂട്ടാന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുക ഇന്ത്യയുടെ ചുമതലയാണ്. അതിനാല്‍ ഭൂട്ടാന്റെ അഭ്യര്‍ഥനപ്രകാരം ഇന്ത്യക്ക് അവിടെ ഇടപെടാതിരിക്കാന്‍ സാധ്യമല്ല. അന്നുമുതല്‍ പരമാവധി പ്രകോപനമാണ് ചൈനാ സര്‍ക്കാരും പി എല്‍ എ(പീപ്പിള്‍ ലിബറേഷന്‍ ആര്‍മി)യും ചൈനീസ് മാധ്യമങ്ങളും ഇന്ത്യക്കെതിരെ അഴിച്ചുവിട്ടത്. സമീപകാല ഭൗമരാഷ്ട്രീയ ഇടപാടുകളില്‍ ലോകത്തെ മറ്റൊരു രാജ്യത്തിന്റെ കാര്യത്തിലും കാണാത്ത അവധാനതയോടുള്ളതായിരുന്നു ഇന്ത്യന്‍ സമീപനം. പ്രകോപനത്തില്‍ തെല്ലും പ്രകോപിതരാകാതെ ഇന്ത്യയുടെ ഉറച്ച നിലപാട് ആവര്‍ത്തിച്ച് കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടിരുന്നു.
ചൈന ഇന്ത്യയുമായി യുദ്ധത്തിലേക്ക് ഇറങ്ങിത്തിരിക്കില്ല എന്നുള്ളത് മുന്‍പേ അറിയാമായിരുന്നു. അങ്ങനെയായാല്‍ ചൈന ആഭ്യന്തരപ്രതിസന്ധി നേരിടും. കാരണം ചൈനയുടെ ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ വന്‍വിപണിയാണ് ഇന്ത്യ. ഇതിനു പുറമേ സെപ്തമ്പര്‍ ആറിന് ബീജിംഗില്‍ നടക്കുന്ന ബ്രിക്‌സ് സമ്മേളനം വിജയിപ്പിക്കേണ്ടത് ചൈനയുടെ ആവശ്യമാണ്. അമേരിക്കന്‍ ആധിപത്യവത്ക്കരണമാതൃകയില്‍ ഏഷ്യയിലെ വന്‍ സാമ്പത്തിക ശക്തിയായ ചൈന അതേ മാതൃകയില്‍ ബ്രിക്‌സിനെ ഉപയോഗിച്ച് ലോക ശക്തിയായി മാറാനുള്ള ശ്രമത്തിലാണ്. അതിനാല്‍ ബ്രിക്‌സ് സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കാതിരിക്കുകയാണെങ്കില്‍ അത് ചൈനയക്ക് തിരിച്ചടിയാകും. അതുകൂടിക്കൊണ്ടിയാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളുടെ സൈന്യത്തെ പിന്‍മാറ്റിക്കൊണ്ട് ഡോക്ലാം സംഘര്‍ഷം ഒഴിവാകാനുള്ള സാഹചര്യമൊരുങ്ങിയത്.
എന്തു തന്നെയായാലും ഡോക്ലാം സംഘര്‍ഷം ഈ വിധം ഒഴിവായത് ഇന്ത്യയുടെ വിജയം തന്നെയാണ്. മാത്രമല്ല ചൈന ഇന്ത്യയ്ക്കു മേല്‍ പ്രയോഗിച്ച പരിശോധാന ഡോസുകൂടിയായിരുന്നു ഡോക്ലാം. ആ പരിശോധനയില്‍ പരാജയപ്പെട്ടത് ചൈനയാണ്. അത് ലോകരാജ്യങ്ങള്‍ക്ക് നല്‍കുന്ന സന്ദേശത്തില്‍ ചൈനയുടെ ശക്തിയുടെ വര്‍ധനയല്ല ക്ഷയമാണ് പ്രകടമാകുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ പ്രതിപക്ഷമാണെങ്കിലും ഇന്ത്യയുടെ ഈ നേട്ടത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്. അത് ഒരു തന്ത്രമായെങ്കിലും കോണ്‍ഗ്രസ്സ് പ്രയോഗിക്കേണ്ടതായിരുന്നു. കാരണം ബി ജെ പി സ്ഥാനത്തും അസ്ഥാനത്തും ദേശീയത അതിവിദഗ്ധമായി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍
ഡോക്ലാം സംഘര്‍ഷത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൈക്കൊണ്ട നടപടികളിലും അത് പരിഹരിക്കപ്പെട്ടതിലും തന്ത്രമായെങ്കിലും കോണ്‍ഗ്രസ്സ് കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചിരുന്നുവെങ്കില്‍ ജനങ്ങളുടെയിടയില്‍ കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യത വര്‍ധിക്കുമായിരുന്നു. ഇപ്പോള്‍ സാധാരണ ജനത്തിനു പോലും നന്നായി എന്നു തോന്നു വിധം പരിഹരിക്കപ്പെട്ട വിഷയത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യത്തെ കൂടുതല്‍ ക്ഷീണിതമാക്കുകയും ജനമധ്യത്തില്‍ അവഹേളിതമാക്കുകയും ചെയ്യുന്നു.
കോണ്‍ഗ്രസ്സിന്റെ ചോദ്യം ബാലിശമെന്നു പറയുന്നതു പോലും ബാലിശമായിരിക്കും. ഡോക്ലാമിലെ പ്രശ്‌നം ചൈന റോഡ് നിര്‍മ്മിക്കാന്‍ തുടങ്ങിയതാണ്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അവിടെ എത്തിയതും. ചൈന റോഡ് നിര്‍മ്മിക്കില്ല എന്ന് ഉറപ്പ് നല്‍കിയിട്ടില്ല. ഡോക്ലാമിന്റെ പേരില്‍ ഭൂട്ടാനുമായുള്ള ചൈനയുടെ തര്‍ക്കം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആ പ്രശ്‌നമല്ല ഇവിടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. ഡോക്ലാമിലെ സൈനിക സാ്ന്നിധ്യമുണ്ടാക്കിയ സംഘര്‍ഷമാണ്. ഡോക്ലാമിന്റെ പേരില്‍ ഭൂട്ടാനുമായുള്ള തര്‍ക്കം തുടരുന്നിടത്തോളം കാലം അവിടെ റോഡ് നിര്‍മ്മാണം നടത്തില്ലെന്ന് ചൈന ഉറപ്പു നല്‍കില്ലെന്ന് അറിയാന്‍ മനീഷ് തിവാരിയെപ്പോലെയോ ശശി തരൂരിനെപ്പോലെയോ നയതന്ത്രജ്ഞരൊന്നുമാകേണ്ടതില്ല.
എന്തിന്റെ പേരിലായാലും യുദ്ധം ഒഴിവായി എന്നുള്ളത് സന്തോഷവും സമാധാനവും പകരുന്ന കാര്യമെങ്കിലുമാണെന്നുളള വസ്തുത വെളിവാക്കുന്ന വിധമെങ്കിലും കോണ്‍ഗ്രസ്സ് പ്രതികരിക്കേണ്ടാതായിരുന്നു. കോണ്‍ഗ്രസ്സിന്റെ പ്രസ്താവന കാണ്ടാല്‍ യുദ്ധത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കേണ്ടിയിരുന്നതുപോലെ അനുഭവപ്പെടുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. ചൈന റോഡ് നിര്‍മ്മാണവുമായി മുന്നോട്ടു നീങ്ങിയാല്‍ നിലവിലുള്ള ഇന്ത്യാ-ഭൂട്ടാന്‍ കരാര്‍ പ്രകാരം അവിടെ ഇന്ത്യന്‍ സൈന്യം എത്തുകയും അതു തടസ്സപ്പെടുത്തുകയും ചെയ്യും. കോണ്‍ഗ്രസ്സിനെ ദിനം പ്രതി രാഷ്ട്രീയമായി അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്നത് ഇത്തരം വിശകലനങ്ങളും പ്രതികരണങ്ങളുമാണ്. ഭരണം തിരിച്ചുപിടിക്കാന്‍ ശേഷിയില്ലെങ്കിലും മാധ്യമസാന്നിദ്ധ്യത്തിലൂടെയെങ്കിലും ശക്തമായൊരു പ്രതിപക്ഷ സാന്നിദ്ധ്യം ആവശ്യപ്പെടുന്ന ഈ സമയത്ത് കോണ്‍ഗ്രസ്സിന്റ ഇവ്വിധമുള്ള വൈകല്യങ്ങള്‍ ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന് ദോഷം ചെയ്യും.