Skip to main content
മുംബൈ

reserve bank of india

 

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ നിരക്കും റിസര്‍വ് ബാങ്കില്‍ വാണിജ്യബാങ്കുകള്‍ സൂക്ഷിക്കേണ്ട നിക്ഷേപത്തിന്റെ കരുതല്‍ ധന അനുപാതത്തിലും (സി.ആര്‍.ആര്‍)  മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ സ്വയം സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്റെ അനുപാതം (എസ്.എല്‍.ആര്‍) 50 അടിസ്ഥാന പോയന്റുകള്‍ കുറച്ചിട്ടുണ്ട്.

 

ചൊവ്വാഴ്ച പുറത്തിറക്കിയ അഞ്ചാമത് ദ്വൈമാസ നാണ്യ നയത്തിലാണ് ഈ പ്രഖ്യാപനം. റിപ്പോ റേറ്റ് 7.75 ശതമാനമായും സി.ആര്‍.ആര്‍ നാല് ശതമാനമായും തുടരും. ജനുവരി 15-നാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന്‍ കുറച്ചത്. റിവേഴ്സ് റിപ്പോ നിരക്ക് 6.75 ശതമാനമായി തുടരും.

 

പുതിയ എസ്.എല്‍.ആര്‍ നിരക്കായ 21.5 ശതമാനം ഫെബ്രുവരി ഏഴു മുതല്‍ നിലവില്‍ വരും. വായ്പ നല്‍കുന്നതിന് ആനുപാതികമായി സ്വര്‍ണ്ണം, കറന്‍സി, കടപ്പത്രങ്ങള്‍ എന്നീ മാര്‍ഗങ്ങളിലൂടെ ബാങ്കുകള്‍ സൂക്ഷിക്കേണ്ട പണത്തിന്റെ നിരക്കാണിത്. ഇത് കുറച്ചതിലൂടെ വിപണിയില്‍ കൂടുതല്‍ ധനവിതരണം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags