ജനുവരി ഒന്നിന് പുലര്‍ച്ചെ പാകിസ്ഥാനില്‍ നിന്ന്‍ ദുരൂഹസാഹചര്യത്തില്‍ ഗുജറാത്ത് തീരത്തെത്തിയ മത്സ്യബന്ധന ബോട്ട് ഇന്ത്യയുടെ തീരദേശസേന തടഞ്ഞു. ബോട്ടിലുണ്ടായിരുന്ന നാല് പേര്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ബോട്ട് സ്വയം നശിപ്പിച്ചു. പുതുവത്സരാഘോഷങ്ങള്‍ക്കിടെ തീവ്രവാദ ആക്രമണമായിരുന്നു ബോട്ടിലുണ്ടായിരുന്നവരുടെ ലക്ഷ്യമെന്ന് കരുതുന്നു.
അറബിക്കടലില്‍ പോര്‍ബന്തറിനു 365 കിലോമീറ്ററിന് അകലെയാണ് തീരദേശസേന ബോട്ട് തടഞ്ഞതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കറാച്ചിയ്ക്കടുത്ത് കെതി ബന്ദറില്‍ നിന്ന്‍ പുറപ്പെട്ട ബോട്ടാണിത്. ബോട്ട് നിര്‍ത്താന്‍ സേന മുന്നറിയിപ്പ് നല്‍കിയെങ്കിലും വേഗം കൂട്ടി പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സേന ഒരു മണിക്കൂറോളം പിന്തുടര്‍ന്ന്‍ ബോട്ട് തടഞ്ഞപ്പോളാണ് സ്ഫോടനമുണ്ടായത്. ബോട്ട് മുങ്ങിയ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കെതി ബന്ദറിലെ ഒരു മത്സ്യബന്ധന ബോട്ട് അറബിക്കടലില്‍ അനധികൃത ഇടപാടുകള്‍ ആസൂത്രണം ചെയ്യുന്നതായി ഡിസംബര്‍ 31-ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‍ മേഖലയില്‍ തീരദേശസേന തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വെളിച്ചം കെടുത്തി വന്ന ബോട്ടിനെ തടയാന്‍ തീരദേശസേനയ്ക്ക് കഴിഞ്ഞത്.