പൊങ്കലിന് മുന്‍പ് ജല്ലിക്കെട്ട് കേസില്‍ വിധി പറയാനാകില്ലെന്ന് സുപ്രീം കോടതി; നിരോധനം തുടരും

Thu, 12-01-2017 04:47:50 PM ;

ശനിയാഴ്ച പൊങ്കല്‍ ഉത്സവദിനത്തിന് മുന്‍പായി ജല്ലിക്കെട്ട് കേസില്‍ വിധി പറയാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ സുപ്രീം കോടതി തള്ളി. ഉത്തരവിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും എന്നാല്‍ ശനിയാഴ്‌ചയ്ക്ക് മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്നും ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ ആവശ്യമുന്നയിച്ച അഭിഭാഷകരോട് പറഞ്ഞു. ഇത്തരം ആവശ്യം ഉയര്‍ത്തുന്നത് ശരിയല്ലെന്നും ബെഞ്ച്‌ കൂട്ടിച്ചേര്‍ത്തു.

 

കേസില്‍ വാദം പൂര്‍ത്തിയാക്കിയ സുപ്രീം കോടതി വിധി പറയുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്. ജല്ലിക്കെട്ട് അനുവദിച്ച കേന്ദ്രത്തിന്റെ 2016 ജനുവരിയിലെ ഉത്തരവിനെതിരെയുള്ള ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ഉത്തരവ് മരവിപ്പിച്ചിരിക്കുന്നതിനാല്‍ ജല്ലിക്കെട്ടിനുള്ള സുപ്രീം കോടതിയുടെ 2014 വിധി പ്രകാരമുള്ള നിരോധനം തുടരും.

 

ജല്ലിക്കെട്ട്, കാളയോട്ട മത്സരം തുടങ്ങിയ വിനോദങ്ങളില്‍ കാളകളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കി ഇത്തരം വിനോദങ്ങള്‍ സുപ്രീം കോടതി നിരോധിച്ചിരുന്നു. ഇതിനെതിരെയുള്ള പുന:പരിശോധനാ ഹര്‍ജിയും കോടതി തള്ളിയിരുന്നു.    

Tags: