നാനോ കാര്‍ ഫാക്ടറിക്കായുള്ള സിംഗൂര്‍ ഭൂമി ഇടപാട് സുപ്രീം കോടതി റദ്ദാക്കി

Wed, 31-08-2016 03:01:42 PM ;

ടാറ്റ മോട്ടോഴ്സിന്റെ നാനോ കാര്‍ പദ്ധതിക്കായി പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ഏകദേശം 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത നടപടി സുപ്രീം കോടതി ബുധനാഴ്ച റദ്ദാക്കി. ഭൂമി തിരിച്ചെടുത്ത് ഉടമകളായിരുന്നവര്‍ക്ക് പുനര്‍വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിനോട്‌ കോടതി ഉത്തരവിട്ടു.

 

കമ്പനിയും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള എട്ടുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് അവസാനമാകുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് രാഷ്ട്രീയ വിജയം കൂടി ലഭിക്കുകയാണ്. 2006-ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൃഷിഭൂമിയുള്‍പ്പെടെ ഏറ്റെടുത്തപ്പോള്‍ മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി വന്ന കര്‍ഷകരുടെ പ്രക്ഷോഭം ഏറ്റെടുത്താണ് മമത അധികാരത്തില്‍ എത്തിയത്. സിംഗൂരിലും സമാനമായ വിഷയത്തില്‍ നന്ദിഗ്രാമിലും പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമാണ് ബംഗാളില്‍ മൂന്നര പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തിന് 2011-ല്‍ അന്ത്യം കുറിക്കുന്നതിന് നിമിത്തമായത്.

 

നാനോ കാര്‍ ഫാക്ടറി പിന്നീട് ഗുജറാത്തിലേക്ക് മാറ്റുകയായിരുന്നു.     

Tags: