വൈറല്‍ ആയി ഹജ്ജ് സെല്‍ഫി; പുരോഹിതര്‍ക്ക് മതിപ്പില്ല

Sun, 05-10-2014 11:24:00 AM ;
മെക്ക

hajj selfie

 

മെക്കയില്‍ വാര്‍ഷിക തീര്‍ഥാടനത്തിനെത്തിയ ലക്ഷക്കണക്കിന്‌ മുസ്ലിം വിശ്വാസികളില്‍ ഇത്തവണ സെല്‍ഫി ജ്വരം പടര്‍ന്നുപിടിക്കുന്നു. അതേസമയം, പുണ്യസ്ഥലങ്ങളുടെ മുന്നില്‍ ഹാജിമാര്‍ തങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നത് ചില മതപുരോഹിതരെ ദേഷ്യപ്പെടുത്തിയിട്ടുണ്ട്.

 

സമൂഹ മാദ്ധ്യമങ്ങളില്‍ സെല്‍ഫികള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ തങ്ങളുടെ കുടുംബാംഗങ്ങളുമായി സംവദിക്കാനും അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ രേഖപ്പെടുത്തിവെക്കാനും കഴിയുമെന്ന് തീര്‍ഥാടകരായെത്തിയ പല യുവാക്കളും കരുതുന്നു. ഹജ്ജ് വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ മുതിര്‍ന്നവര്‍ക്കുള്ള ഒന്നായാണ് കരുതപ്പെടുന്നതെന്നും ഇവര്‍ പറയുന്നു. എന്നാല്‍, സെല്‍ഫികള്‍ തീര്‍ഥാടനത്തെ 'കൂള്‍' ആക്കുന്നുവെന്ന്‍ ഇവരുടെ പക്ഷം.

 

എന്നാല്‍, ഈ സെല്‍ഫി ജ്വരത്തിന് വിമര്‍ശനവുമായി പുരോഹിതര്‍ രംഗത്തെത്തിയിട്ടുണ്ട്. തീര്‍ഥാടനത്തില്‍ പ്രധാനമായ പ്രാര്‍ത്ഥനയില്‍ നിന്നും നിസ്വാര്‍ത്ഥതയില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതാണ് ഈ പ്രവണതയെന്ന്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു. ആത്മപ്രശംസയോ പ്രകടനങ്ങളോ ഇല്ലാത്ത തീര്‍ഥാടനമാണ് മുഹമ്മദ്‌ നബി ആവശ്യപ്പെട്ടതെന്നും ഇത്തരത്തില്‍ സെല്‍ഫികളും മറ്റും എടുക്കുന്നത് പ്രവാചകന്റെ ആഗ്രഹത്തെ മാനിക്കാതിരിക്കലാണെന്നും പുരോഹിതര്‍ വിശദീകരിക്കുന്നു. പുണ്യസ്ഥലങ്ങളുടെ പരിസരത്ത് ചിത്രങ്ങള്‍ എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മതപണ്ഡിതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: