മൂന്ന്‍ ലോകസഭാ സീറ്റുകളിലേക്കും വിവിധ സംസ്ഥാനങ്ങളിലായി 33 നിയമസഭാ സീറ്റുകളിലേക്കും ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ആശങ്ക ഉയര്‍ത്തുന്ന ജനവിധി. ചൊവ്വാഴ്ച നടന്ന വോട്ടെണ്ണലില്‍ മൂന്ന്‍ മാസം മുന്‍പ് പൊതുതെരഞ്ഞെടുപ്പില്‍ തൂത്തുവാരിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി കനത്ത തിരിച്ചടിയും മത്സരവും നേരിടുന്ന ചിത്രമാണ് തെളിഞ്ഞുവരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ച ഗുജറാത്തിലെ വഡോദര, ഉത്തര്‍ പ്രദേശിലെ മെയ്ന്‍പുരി, തെലങ്കാനയിലെ മേദക് എന്നിവയാണ് തെരഞ്ഞെടുപ്പ് നടന്ന ലോകസഭാ മണ്ഡലങ്ങള്‍. നിയമസഭാ സീറ്റുകളില്‍ 11 എണ്ണം ഉത്തര്‍ പ്രദേശിലും ഒന്‍പതെണ്ണം ഗുജറാത്തിലും നാലെണ്ണം രാജസ്ഥാനിലും രണ്ടെണ്ണം പശ്ചിമ ബംഗാളിലും അഞ്ചെണ്ണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ്. ഇതില്‍ ഛത്തിസ്‌ഗഡിലെ ഒന്നൊഴിച്ച് 32 സീറ്റുകളിലെ വോട്ടെണ്ണലാണ് ഇന്ന്‍ നടന്നത്.
ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ പ്രധാന സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്ക് തങ്ങളുടെ സീറ്റുകള്‍ നഷ്ടപ്പെട്ടു. ഈ മൂന്ന്‍ സംസ്ഥാനങ്ങളിലെ 24 സീറ്റും ബി.ജെ.പി സഖ്യത്തിന്റേത് ആയിരുന്നു. അതില്‍ തന്നെ ഉത്തര്‍ പ്രദേശിലെ ഒരു സീറ്റ് ഒഴിച്ച് എല്ലാം പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളും.
ഉത്തര്‍ പ്രദേശില്‍ 11-ല്‍ എട്ടു സീറ്റില്‍ സമാജവാദി പാര്‍ട്ടി വിജയിച്ചു. അഖിലേഷ് യാദവിന്റെ സര്‍ക്കാറിന് ആശ്വാസം നല്‍കുന്നതാണ് വിധിയെഴുത്ത്. മെയ്ന്‍പുരി ലോകസഭാ മണ്ഡലത്തിലെ അഭിമാന പോരാട്ടത്തില്‍ പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിന്റെ ജ്യേഷ്ഠന്റെ കൊച്ചുമകന്‍ തേജ് പ്രതാപ് സിങ്ങ് യാദവ് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടിടത്തും വിജയിച്ച മുലായം അസംഗഡ് നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മെയ്ന്‍പുരിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 26-കാരനായ തേജ് പ്രതാപിന്റെ ഈ രാഷ്ട്രീയ അരങ്ങേറ്റം ലോകസഭയില്‍ സമാജവാദി പാര്‍ട്ടി എന്നാല്‍ മുലായം സിങ്ങിന്റെ കുടുംബം എന്ന സ്ഥിതിയില്‍ മാറ്റമുണ്ടാക്കില്ല. മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുലായം സിങ്ങും കുടുംബാംഗങ്ങളും മത്സരിച്ച അഞ്ച് സീറ്റുകളില്‍ മാത്രമാണ് സമാജവാദി പാര്‍ട്ടി വിജയിച്ചത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ പ്രചാരണത്തിനു നേതൃത്വം നല്‍കിയ ഇപ്പോഴത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ വഡോദര ലോകസഭാ സീറ്റ് രാജിവെച്ച് ഉത്തര്‍ പ്രദേശിലെ വാരാണസി മണ്ഡലം നിലനിര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഉത്തര്‍ പ്രദേശില്‍ ലോകസഭാ തെരഞ്ഞെടുപ്പിലെ തരംഗം തുടരാന്‍ സാധിച്ചില്ല എന്നത് വ്യക്തമാണ്. അതേസമയം, രണ്ട് നേതാക്കളുടേയും രാഷ്ട്രീയ കളരിയായിരുന്ന ഗുജറാത്തില്‍ ബി.ജെ.പി മുന്‍തൂക്കം നിലനിര്‍ത്തി. ഇവിടെ ഒന്‍പതില്‍ ആറു സീറ്റിലും മോദി ഒഴിഞ്ഞ വഡോദര ലോകസഭാ മണ്ഡലത്തിലും ബി.ജെ.പി ജയിച്ചു. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 26 ലോകസഭാ മണ്ഡലങ്ങളിലും വിജയിച്ച പ്രകടനം ആവര്‍ത്തിക്കാനായില്ല എന്ന്‍ പാര്‍ട്ടിയ്ക്ക് നിരാശ നല്‍കും. ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് മോദിയുടെ പിന്‍ഗാമി ആനന്ദി ബെന്‍ പട്ടേലിന്റെ ആദ്യ തെരഞ്ഞടുപ്പ് വെല്ലുവിളിയില്‍ മൂന്ന്‍ സീറ്റ് പിടിച്ചെടുത്തതിലൂടെ തങ്ങളെ തള്ളിക്കളയേണ്ടതില്ലെന്ന സൂചന നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും അതിന് മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി സീറ്റുകള്‍ തൂത്തുവാരിയ രാജസ്ഥാനിലും പാര്‍ട്ടിയ്ക്ക് ആശങ്ക ഉയര്‍ത്തുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ഇവിടെ നാല് സീറ്റുകളില്‍ മൂന്നിലും മുന്നിലെത്തി തിരിച്ചുവരവ് അസാധ്യമല്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചു.
അതേസമയം, പശ്ചിമ ബംഗാളില്‍ നിന്ന്‍ ബി.ജെ.പിയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഫലമാണ് ലഭിച്ചത്. ഇവിടത്തെ രണ്ട് സീറ്റുകളില്‍ ഒന്നില്‍ ബി.ജെ.പിയും ഒന്നില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും വിജയിച്ചു. ഇതോടെ നിയമസഭയില്‍ ബി.ജെ.പിയ്ക്ക് പ്രാതിനിധ്യമായി. ഇത് രണ്ടാം തവണ മാത്രമാണ് ബംഗാള്‍ നിയമസഭയില്‍ ബി.ജെ.പിയ്ക്ക് സീറ്റ് ലഭിക്കുന്നത്. സി.പി.ഐ.എം എം.എല്‍.എയുടെ മരണത്തെ തുടര്‍ന്ന്‍ ഒഴിവ് വന്ന മണ്ഡലത്തിലാണ് ബി.ജെ.പി വിജയിച്ചത്. രണ്ടാമത്തെ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താനും പാര്‍ട്ടിയ്ക്ക് കഴിഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു രാജിവെച്ചതിനെ തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മേദകില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി സ്ഥാനാര്‍ഥി കെ. പ്രഭാകര്‍ റെഡ്ഡി ജയിച്ചു. ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്ന ഒരു നിയമസഭാ മണ്ഡലത്തില്‍ ഭരണകക്ഷി തെലുഗുദേശം പാര്‍ട്ടി വിജയിച്ചു. അസ്സമില്‍ കോണ്‍ഗ്രസും ബി.ജെ.പിയും എ.ഐ.യു.ഡി.എഫും ഓരോ സീറ്റില്‍ വിജയിച്ചു. ത്രിപുരയില്‍ ഒരു സീറ്റില്‍ സി.പി.ഐ.എം വിജയിച്ചു.
നേരത്തെ, ആഗസ്ത് 21-ന് ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞിരുന്നില്ല. മഹാരാഷ്ട്രയിലും ഹരിയാനയിലും അടുത്ത മാസം പ്രഖ്യാപിച്ചിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ ഉപതെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ പ്രാധാന്യം കൂടിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍വിജയം നേടിയിരുന്നു. രണ്ടിടത്തും ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും പൊതുതെരഞ്ഞെടുപ്പിലേത് പോലുള്ള വിജയം ആവര്‍ത്തിക്കണമെങ്കില്‍ പുതിയ തന്ത്രങ്ങള്‍ വേണ്ടിവരുമെന്ന സ്ഥിതിയാണ് പാര്‍ട്ടി നേരിടുന്നത്.