മൂന്ന്‍ ലോകസഭാ സീറ്റുകളിലേക്കും വിവിധ സംസ്ഥാനങ്ങളിലായി 33 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ച ഗുജറാത്തിലെ വഡോദര, ഉത്തര്‍ പ്രദേശിലെ മെയ്ന്‍പുരി, തെലങ്കാനയിലെ മേദക് എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ലോകസഭാ മണ്ഡലങ്ങള്‍. നിയമസഭാ സീറ്റുകളില്‍ 11 എണ്ണം ഉത്തര്‍ പ്രദേശിലും ഒന്‍പതെണ്ണം ഗുജറാത്തിലും നാലെണ്ണം രാജസ്ഥാനിലും രണ്ടെണ്ണം പശ്ചിമ ബംഗാളിലും അഞ്ചെണ്ണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ്. വോട്ടെണ്ണല്‍ സെപ്തംബര്‍ 16-ന് നടക്കും.
എം.എല്‍.എമാര്‍ ലോകസഭായിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തര്‍ പ്രദേശിലെ 11 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പത്തെണ്ണം ബി.ജെ.പിയുടേയും ഒരെണ്ണം സഖ്യകക്ഷിയായ അപ്നാദളിന്റേയും സിറ്റിംഗ് സീറ്റുകളാണ്. ഇവ നിലനിര്‍ത്തി ലോകസഭാ തെരഞ്ഞെടുപ്പിലെ തരംഗം തുടരുക എന്നതാണ് ബി.ജെ.പിയുടെ മുന്നിലുള്ള വെല്ലുവിളി. സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ വഡോദര ലോകസഭാ സീറ്റ് രാജിവെച്ച് ഉത്തര്‍ പ്രദേശിലെ വാരാണസി മണ്ഡലം നിലനിര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ പ്രചാരണത്തിനു നേതൃത്വം നല്‍കിയ ഇപ്പോഴത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും തെരഞ്ഞെടുപ്പ് ഫലം പ്രധാനമായിരിക്കും.
സമാജവാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിനും തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ നിന്ന്‍ വ്യത്യസ്തമായി നിയമസഭാ ഉപതെരഞ്ഞെടുപ്പ് മകന്‍ അഖിലേഷ് യാദവിന്റെ സര്‍ക്കാറിന്റെ വിധിയെഴുത്തായിരിക്കും. മാത്രവുമല്ല, മുലായം സിങ്ങിന്റെ കുടുംബത്തില്‍ നിന്ന്‍ മറ്റൊരാളുടെ രാഷ്ട്രീയ പ്രവേശം കൂടിയാണ് മെയ്ന്‍പുരിയിലെ ഉപതെരഞ്ഞെടുപ്പ്. മുലായം സിങ്ങിന്റെ ജ്യേഷ്ഠന്റെ കൊച്ചുമകന്‍ തേജ് പ്രതാപ് സിങ്ങ് യാദവ് ആണ് മെയ്ന്‍പുരിയിലെ പാര്‍ട്ടി സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടിടത്തും വിജയിച്ച മുലായം അസംഗഡ് നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മെയ്ന്‍പുരിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത് മുലായം സിങ്ങും കുടുംബാംഗങ്ങളും മത്സരിച്ച അഞ്ച് സീറ്റുകളില്‍ മാത്രമാണ് സമാജവാദി പാര്‍ട്ടി വിജയിച്ചത്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും നേടാന്‍ കഴിയാഞ്ഞ ബി.എസ്.പി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ബി.ജെ.പി സഖ്യവും സമാജവാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലാണ് നിയമസഭാ സീറ്റുകളില്‍ മത്സരം. മെയ്ന്‍പുരിയില്‍ കോണ്‍ഗ്രസും ബി.എസ്.പിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ബി.ജെ.പിയുടെ ശിവ സിങ്ങ് ശാക്യയാണ് ഇവിടെ തേജ് പ്രതാപിന്റെ എതിരാളി.
ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദിയുടെ പിന്‍ഗാമി ആനന്ദി ബെന്‍ പട്ടേല്‍ നേരിടുന്ന ആദ്യ തെരഞ്ഞടുപ്പ് വെല്ലുവിളിയാണ് ഒന്‍പത് നിയമസഭാ സീറ്റുകളിലേക്കും വഡോദര ലോകസഭാ മണ്ഡലത്തിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മിലുള്ള ത്രികോണ മത്സരമാണ് മേദകിലെ ഉപതെരഞ്ഞെടുപ്പില്‍ നടക്കുന്നത്.