കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ 27 പേര്‍ മരിച്ചു. ഇതോടെ ജൂണ്‍ ഒന്നിന് ശേഷം ആഗസ്ത് 16 ഉച്ചവരെയുള്ള കാലയളവില്‍ മണ്‍സൂണ്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 57 ആയി.
മരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ 5000-ത്തില്‍ അധികം പേര്‍ മരിച്ചിരുന്നു.
പൗരി ജില്ലയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അടുത്ത 24 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഹൃഷികേശിലെ രാം ഝുലയില്‍ അപകട നിലയായ 340 മീറ്ററിനും ഒരു മീറ്റര്‍ മാത്രം താഴെയാണ് ഗംഗയില്‍ ജലനിരപ്പ്.
പാരിസ്ഥിതികമായി അതീവ പ്രധാന്യമുള്ള മേഖലയില്‍ ആസൂത്രണമില്ലാതെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വ്യവസായങ്ങളുമാണ് ഓരോ മഴയിലും ഇവിടെ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്.
ഹിമാചല്‍ പ്രദേശിലും കനത്ത മഴ പെയ്യുന്നുണ്ട്. ഇവിടെ ആറു പേര്‍ അപകടങ്ങളില്‍ മരിച്ചു. ബീഹാറിലും നദികള്‍ കരകവിഞ്ഞ് പലയിടത്തും വെള്ളപ്പൊക്ക സ്ഥിതിയാണ്. ഉത്തര ബീഹാറിലെ കോസി, ഗണ്ടാക്, കമല ബാലന്‍, ബാഗമതി എന്നീ നദികള്‍ കര കവിഞ്ഞു ആയിരങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. സര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.