ഡല്‍ഹി നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടു. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഫെബ്രുവരിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് മാസമായി ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലാണ്. എന്നാല്‍, നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ എം.എല്‍.എമാര്‍ ശമ്പളം വാങ്ങിക്കുന്ന സ്ഥിതിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്ന് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് നിരീക്ഷിച്ചു. തുടര്‍ന്നാണ് ഒന്നുകില്‍ നിയമസഭ പിരിച്ചുവിടുക അല്ലെങ്കില്‍ ജനകീയ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന നിര്‍ദ്ദേശം കോടതി നല്‍കിയത്. ഹര്‍ജി നാലാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.
70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ.എ.പി 28 സീറ്റുകളില്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ കേജ്രിവാള് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും എ.എ.പി കൊണ്ടുവന്ന ജനലോക്പാല്‍ ബില്ലിന് പിന്തുണ നല്‍കിയില്ലെന്ന കാരണത്താല്‍ രാജിവെക്കുകയായിരുന്നു. നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് കൊണ്ടാണ് കേജ്രിവാള് രാജിക്കത്ത് നല്‍കിയതെങ്കിലും ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് സഭ മരവിപ്പിച്ച് നിര്‍ത്താനുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്.
നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം റാലി നടത്തിയിരുന്നു.