പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കരട് വിജ്ഞാനപനത്തിന്മേല്‍ നിലപാട് അറിയിക്കാതിരുന്ന കേന്ദ്ര സര്‍ക്കാറിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് മുന്‍ സര്‍ക്കാര്‍ ഇറക്കിയ കരടുവിജ്ഞാപനത്തിന്മേല്‍ കേന്ദ്രം ഇന്ന് നിലപാട് അറിയിക്കാതിരുന്നതാണ് ട്രൈബ്യൂണലിനെ ചൊടിപ്പിച്ചത്. പരിസ്ഥിതി മന്ത്രാലയം കോടതിയുടെ മുന്‍ ഉത്തരവുകള്‍ മനസ്സിലാക്കണമെന്ന് ഓര്‍മ്മിപ്പിച്ച ഹരിത ട്രൈബ്യൂണല്‍ പരിസ്ഥിതി സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണോ എന്ന് വരെ ചോദിച്ചു. എന്നാല്‍ കരട് വിജ്ഞാപനത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ 545 ദിവസമുണ്ടെന്ന് കേന്ദ്രം ട്രിബ്യൂണലിനെ അറിയിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷനാണ്ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് കേസ് ട്രൈബ്യൂണല്‍ മുമ്പാകെ വരുന്നത്. പുതിയ സര്‍ക്കാര്‍ ഗാഡ്ഗിലാണോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണോ നടപ്പാക്കുന്നതെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമറിയാമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കേന്ദ്രം നിലപാട് അറിയിക്കാതെ നീട്ടിവെച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്.