ആന്ധ്രയില്‍ വാതക പൈപ്പ്‌ലൈനില്‍ സ്ഫോടനം; 15 മരണം

Fri, 27-06-2014 10:42:00 AM ;
കാക്കിനാട

gas pipeline explosion in andhra

 

ആന്ധ്രപ്രദേശില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു വാതക പൈപ്പ്‌ലൈനില്‍ ഉണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ പൊള്ളലേറ്റ് മരിച്ചു. ഗുരുതരമായി പൊള്ളല്‍ ഏറ്റ മറ്റ് 15 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

കിഴക്കന്‍ ഗോദാവരി ജില്ലയിലെ നാഗരം ഗ്രാമത്തില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ (ഗെയില്‍) പൈപ്പ്‌ലൈനിലാണ് തീ പിടിച്ചത്. തുരുമ്പെടുത്ത പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കുന്നതില്‍ അധികൃതര്‍ കാണിച്ച അനാസ്ഥയാണ് സംഭവത്തിന്‌ കാരണമെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.

 

അന്‍പതോളം വീടുകളും കടകളും തീയില്‍ ചാരമായി മാറി. നൂറുകണക്കിന് തെങ്ങുകളും കത്തിനശിച്ചു. ഒട്ടേറെ പക്ഷികളും വീട്ടുമൃഗങ്ങളും തീയില്‍ മരിച്ചതായി കരുതുന്നു. 250 മീറ്റര്‍ വരെ ഉയരത്തില്‍ തീ പടര്‍ന്നതായി ഗ്രാമവാസികള്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

 

ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആറു അഗ്നിശമനസേനാ യൂണിറ്റുകളില്‍ നിന്നുള്ള ജീവനക്കാരും ഉപകരണങ്ങളും ചേര്‍ന്നാണ് തീ അണച്ചത്.   

Tags: