Skip to main content
ന്യൂഡല്‍ഹി

terror alert in delhiരാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലും സാമ്പത്തിക കേന്ദ്രമായ മുംബൈയിലും അടുത്ത ദിവസങ്ങളില്‍ തീവ്രവാദ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.ഐ) മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന രാജ്യത്തെ ഉന്നത ഏജന്‍സിയായ എന്‍.ഐ.എ ഇരുനഗരങ്ങളിലേയും പോലീസ് അധികൃതര്‍ക്കാണ് ജാഗ്രത വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

 

ഡല്‍ഹിയിലേയും മുംബൈയിലേയും പ്രധാന സ്ഥലങ്ങളില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ (ഐ.എം) ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എന്‍.ഐ.എ കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡല്‍ഹിയിലെ ബഹായ് വിശ്വാസികളുടെ ലോട്ടസ് ടെമ്പിള്‍, കുത്തുബ് മിനാര്‍, ആനന്ദ് വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഐ.എം പ്രവര്‍ത്തകര്‍ നിരീക്ഷണം നടത്തിയതായി കത്തില്‍ സൂചിപ്പിക്കുന്നു.

 

പാറ്റ്ന സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഹൈദര്‍ അലിയേയും മറ്റുള്ളവരേയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സിയുടെ മുന്നറിയിപ്പെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ 27-ന് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് മുന്നോടിയായി പാറ്റ്ന റെയില്‍വേ സ്റ്റേഷനിലും റാലി നടന്ന ഗാന്ധി മൈതാനത്തും നടന്ന സ്പോടനങ്ങളുമായി ബന്ധപ്പെട്ട കേസാണിത്. ആറുപേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.