രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നാലുപേരെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു. വധശിക്ഷയില്‍ ഇളവ് കിട്ടിയ മറ്റ് മൂന്നു പേരെ വിട്ടയക്കുന്നതും നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. ഏഴുപേരെയും വിട്ടയക്കുന്ന വിഷയത്തില്‍ ഒരാഴ്ചക്കകം വിധി പറയുമെന്നും കോടതി അറിയിച്ചു.
രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതിന് കേന്ദ്രത്തിനാണോ സംസ്ഥാനത്തിനാണോ അധികാരം എന്നതാണ് സുപ്രീം കോടതിയുടെ മുന്നിലുള്ള പ്രശ്നം. ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തതിന് പിന്നാലെ ഇവരേയും കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നളിനി ശ്രീഹരന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരേയും ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാറാണ് പരമോന്നത കോടതിയെ സമീപിച്ചത്.
പ്രതികളെ വിട്ടയക്കുന്നത് തടയുകയല്ല തങ്ങളുടെ ഉദ്ദേശമെന്നും ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് തങ്ങള്‍ ചെയ്യുകയെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.
കുറ്റവാളികള്‍ എല്ലാവരും ജയിലില്‍ 20 വര്‍ഷത്തിന് മുകളില്‍ തടവുശിക്ഷ അനുഭവിച്ച് കഴിഞ്ഞു. നളിനിയ്ക്കും ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും ഇത് പിന്നീട് ജീവപര്യന്തമാക്കുകയായിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ അത്യധികമായുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടിയാണ് മറ്റ് മൂന്ന്‍ പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കിയത്.