ബംഗാള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌: തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം

Tue, 30-07-2013 02:31:00 AM ;
കൊല്‍ക്കത്ത

പശ്ചിമ ബംഗാളില്‍ ജില്ലാപഞ്ചായത്ത്‌, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം. 17-ല്‍ 13 ജില്ലകളിലും ഇടതു മുന്നണിയേയും കോണ്‍ഗ്രസ്സിനെയും പിന്നിലാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പാര്‍ട്ടി മുന്നേറി.

 

ഇടതു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്സിനും ഓരോ ജില്ലകളില്‍ ഭൂരിപക്ഷം നേടാനായി. രണ്ട് ജില്ലകളില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായിട്ടില്ല. ഇടതുമുന്നണിക്കു സ്വാധീനമുണ്ടായിരുന്ന മേഖലകളായ ബാക്കുര, പുരുലിയ, കൂച്ച്‌ ബിഹാര്‍, ബര്‍ദ്വാന്‍ തുടങ്ങിയ ജില്ലകളിലെല്ലാം തൃണമൂല്‍ വന്‍ മുന്നേറ്റമാണു നടത്തിയത്.

 

ആകെ1.69 ലക്ഷം പേരാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ 90000 പേര്‍ സ്ത്രീകളാണ്. 2013 ജൂലായ് മാസത്തില്‍ അഞ്ച് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. 84.56 ശതമാനം പോളിങ് രേഖപ്പടുത്തിയിരുന്നു.

Tags: