Skip to main content
ന്യൂഡല്‍ഹി

ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനെന്ന്‍ സംശയിക്കുന്ന ഷെസാദ് അഹമദ് 2008-ലെ ബട്ല ഹൗസ് എന്‍കൌണ്ടര്‍ കേസില്‍ കുറ്റകാരനെന്ന്‍ കോടതി. ഡല്‍ഹി പോലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മയെ വധിച്ചതായാണ് ഷെസാദിനെതിരെയുള്ള ആരോപണം. ഡല്‍ഹിയിലെ വിചാരണക്കോടതി ശിക്ഷ തിങ്കളാഴ്ച വിധിക്കും.

 

ഷെസാദും സംഘവും താമസിച്ചിരുന്ന വീട്ടില്‍ സഹപ്രവര്‍ത്തകനൊപ്പം മഫ്തിയില്‍ എത്തിയ ശര്‍മയ്ക്കും സഹപ്രവര്‍ത്തകനും നേരെ ഇവര്‍ വെടിവെക്കുകയായിരുന്നു എന്നാണ് പോലീസ് ആരോപണം. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ അതിഫ്‌ അമിന്‍, മൊഹമ്മദ്‌ സാജിദ് എന്നിവരും കൊല്ലപ്പെട്ടിരുന്നു. 2008 സെപ്തംബര്‍ 19-ന് ആയിരുന്നു സംഭവം. ഡല്‍ഹിയില്‍ ആറുദിവസം മുമ്പ് നടന്ന തുടര്‍സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു അമിന്‍ എന്നായിരുന്നു പോലീസ് സംശയിച്ചിരുന്നത്.

 

വെടിവെപ്പിനിടയില്‍ ജുനൈദ് എന്നയാള്‍ രക്ഷപ്പെട്ടു. മൊഹമ്മദ്‌ സൈഫ്. സീഷാന്‍ അഹമ്മദ്, സാഖിബ് നിസാര്‍, മൊഹമ്മദ്‌ ഷക്കീല്‍, സിയാ-ഉര്‍-റഹ്മാന്‍ എന്നിവരെ സംഭവസ്ഥലത്ത് നിന്ന്‍ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഷേസാദിനെതിരെ മാത്രമാണ് കൊലക്കുറ്റം ചുമത്തിയത്.

 

ഒരു സര്‍ക്കാരേതര സംഘടന എന്‍കൌണ്ടര്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി 2009 മെയ്‌ 21-ന് സംഭവം അനേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ ചുമതലപ്പെടുത്തി. കമ്മീഷന്‍ ഡല്‍ഹി പോലീസിന് ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.