നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് മധ്യകാല വായ്പാനയം പ്രഖ്യാപിച്ചു. റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 7.75 ശതമാനമായും വാണിജ്യ ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് കടം എടുക്കുമ്പോൾ നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.75 ശതമാനവുമായി നിലനിർത്തി. മൊത്തം നിക്ഷേപങ്ങൾക്ക് ആനുപാതികമായി ബാങ്കുകൾ റിസർവ് ബാങ്കിൽ നിർബന്ധമായി സൂക്ഷിക്കേണ്ട പണമായ കരുതൽ ധന അനുപാതവും നാലു ശതമാനമായി തുടരും.
പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും വ്യവസായ സമൂഹത്തിന്റെ താല്‍പ്പര്യം കണക്കിലെടുത്തുള്ള വായ്പാ നയ അവലോകനമാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. രൂപയുടെ വിനിമയ നിരക്കിലെ ചാഞ്ചാട്ടത്തില്‍ കുറവ് വന്നതില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ സംതൃപ്തി രേഖപ്പെടുത്തി. വ്യാവസായിക മേഖല നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് വായ്പകളുടെ പലിശ ഉയർത്തുന്നത് ഒഴിവാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
നവംബറില്‍ പണപ്പെരുപ്പത്തിന്റെ തോത് 7.52 ശതമാനമായി ഉയര്‍ന്നിരുന്നു. ഒക്‌ടോബറിൽ രേഖപ്പെടുത്തിയ ഏഴു ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഭക്ഷ്യവില സൂചികയും ഉയർന്നു തന്നെ നിൽക്കുകയാണ്.