മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനോട് പദവി ഒഴിയാന്‍ മനുഷ്യാവകാശ ദിനത്തില്‍ ആവശ്യം

Tue, 10-12-2013 05:02:00 PM ;
കൊല്‍ക്കത്ത

A.K. Gangulyപശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ അശോക്‌ ഗാംഗുലിയോട് പദവി ഒഴിയാന്‍ മനുഷ്യാവകാശ ദിനമായ ചൊവാഴ്ച ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. സുപ്രീം കോടതി ജഡ്ജിയായിരിക്കെ ഗാംഗുലി സഹായിയായ നിയമ വിദ്യാര്‍ത്ഥിനിയോട് ലൈംഗികമായി അപമര്യാദയായി പെരുമാറിയ സംഭവമാണ് ഈ ആവശ്യത്തിന് പിന്നില്‍. ആരോപണം അന്വേഷിച്ച സുപ്രീം കോടതി ജഡ്ജിമാരുടെ സമിതി  ഗാംഗുലിക്കെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.

 

തൃണമൂല്‍ കോണ്‍ഗ്രസ് വക്താവും എം.പിയുമായ ഡെറക് ഒബ്രിയനാണ് തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ആവശ്യം മുന്നോട്ട് വെച്ചത്. തന്റെ പദവിയെ പരിഹസിക്കരുതെന്നും ഐക്യരാഷ്ട്ര മനുഷ്യാവകാശ ദിനമായ ചൊവാഴ്ച രാജിവെക്കുന്നത് ഉചിതമായിരിക്കുമെന്നും ഓബ്രിയന്‍ പറഞ്ഞു. ലംഘകര്‍ക്ക് എങ്ങനെ സംരക്ഷകരാന്‍ കഴിയുമെന്നും എം.പി ആശങ്കപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇതിനകം രണ്ടുവട്ടം ഗാംഗുലിയെ നീക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് കത്തയച്ചിട്ടുണ്ട്.

 

അനാവശ്യമായ പെരുമാറ്റവും ലൈംഗിക സ്വഭാവത്തിലുള്ള പ്രവൃത്തിയുമാണ്‌ ഗാംഗുലിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സുപ്രീം കോടതിയിലെ മൂന്ന്‍ ജഡ്ജിമാര്‍ അടങ്ങിയ സമിതി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡെല്‍ഹിയില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ഗാംഗുലി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ ആരോപണം. എന്നാല്‍, കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം.

Tags: