പാര്‍ലിമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കം; സുപ്രധാന ബില്ലുകള്‍ പരിഗണനയില്‍

Thu, 05-12-2013 12:46:00 PM ;
ന്യൂഡല്‍ഹി

parliament

 

പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം വ്യാഴാഴ്ച തുടങ്ങി. വനിതാ സംവരണം, ലോക്പാല്‍ എന്നിവയടക്കം 38 ബില്ലുകളാണ് സര്‍ക്കാര്‍ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി, ദേശീയ സുരക്ഷ, വര്‍ഗീയ ലഹള തുടങ്ങിയ വിഷയങ്ങളില്‍ സഭയില്‍ ഉയര്‍ത്താന്‍ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി തയ്യാറെടുക്കുന്നു.

 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ എട്ടിന് വരുന്ന പശ്ചാത്തലത്തിലാണ് സഭ ചേരുന്നത്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ റിഹെഴ്സല്‍ എന്ന്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പിന്റെ ഫലം സമ്മേളന നടപടികളെ സ്വാധീനിക്കും.

 

ഡിസംബര്‍ 20 വരെ 12 ദിവസമാണ് സഭ ചേരാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, പരിഗണിക്കാനുള്ള ബില്ലുകളുടെ എണ്ണം കണക്കിലെടുത്ത് ഇത് നീട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

 

രാഷ്ട്രീയ പ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും അഴിമതി അന്വേഷിക്കാനുള്ള ലോക്പാല്‍ ബില്‍, പാര്‍ലിമെന്റിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്ന വനിതാ സംവരണ ബില്‍ എന്നിവ ഈ സമ്മേളനത്തില്‍ ലോക്സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. ഇരു ബില്ലുകളും രാജ്യസഭ പാസ്സാക്കിയതാണ്‌.

 

ബംഗ്ലാദേശുമായുള്ള അതിര്‍ത്തി നിര്‍ണ്ണയം, കല്‍ക്കരി നിയന്ത്രണം, തെരുവുകച്ചവടക്കാരുടെ സംരക്ഷണം, ന്യായാധിപ പ്രതിബദ്ധത ഉറപ്പാക്കല്‍, അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവരുടെ സംരക്ഷണം, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ ട്രൈബ്യൂണല്‍, ആണവ സുരക്ഷാ നിയന്ത്രണ അതോറിറ്റി എന്നിവയാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന മറ്റ് സുപ്രധാന ബില്ലുകള്‍.

 

എന്നാല്‍, പല ബില്ലുകള്‍ക്കെതിരെ എതിര്‍പ്പും ശക്തമായിട്ടുണ്ട്. 2010 മുതല്‍ ലോക്സഭയുടെ മുന്നിലുള്ള വനിതാ സംവരണ ബില്ലിന് നേരെയുള്ള സമാജ്വാദി പാര്‍ട്ടിയുടെ കടുത്ത എതിര്‍പ്പ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ബി.ജെ.പിയും ആസാം ഗണ പരിഷത്തും ബംഗ്ലാദേശുമായുള്ള കരാറിനെ അനുകൂലിക്കുന്നില്ല. ഇന്‍ഷുറന്‍സ് മേഖലയില്‍ വിശേഷ നിക്ഷേപം ഉയര്‍ത്താനുള്ള നീക്കത്തെ ഇടതുപാര്‍ട്ടികള്‍ എതിര്‍ക്കുന്നു. സഭാസമിതിയുടെ പരിഗണനയിലുള്ള വര്‍ഗീയ ലഹള നിയന്ത്രിക്കാനുള്ള ബില്‍ സമിതി അംഗീകരിച്ചാല്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി കമല്‍ നാഥ് അറിയിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി ഇതിനെ ശക്തമായി എതിര്‍ക്കുന്നു.

 

ആന്ധ്രാപ്രദേശ് വിഭജിച്ച് പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നത്തിനുള്ള ബില്‍ 38 ബില്ലുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ബില്‍ സമ്മേളനത്തില്‍ കൊണ്ടുവരണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സംസ്ഥാന രൂപീകരണം സംബന്ധിച്ച കരടുബില്‍ മന്ത്രിസഭ അംഗീകരിച്ച് രാഷ്ട്രപതിയുടെയും ആന്ധ്ര നിയമസഭയുടെയും സമ്മതം വാങ്ങേണ്ടതുണ്ട്. തെലുങ്കാന ബില്‍ പാസ്സാക്കുന്നതിനായി പ്രത്യേക സമ്മേളനം വിളിക്കാനാണ് സാധ്യത.

 

അടുത്ത മെയില്‍ കാലാവധി തീരുന്ന പതിനാലാമത് ലോക്സഭയുടെ അവസാന പൂര്‍ണ്ണ സമ്മേളനമാണിത്. ഇനി ഫെബ്രുവരിയില്‍ വോട്ട് ഓണ്‍ അക്കൌണ്ട് പാസ്സാക്കാന്‍ മാത്രമേ സഭ ചേരൂ. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പതിവുള്ള ബജറ്റ് സമ്മേളനം ഉണ്ടാവില്ല.

Tags: