Skip to main content
ശ്രീഹരിക്കോട്ട

mars orbiter mission

ചൊവ്വാഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ കൌണ്ട് ഡൌണ്‍ ഞായറാഴ്ച കാലത്ത് 6 മണി കഴിഞ്ഞ് എട്ട് മിനിറ്റില്‍ തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലാണ് കൌണ്ട് ഡൌണ്‍ നടക്കുന്നത്. അന്‍പത്തി ആറര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൌണ്ട് ഡൌണിന് ശേഷം നവംബര്‍ അഞ്ചിന് ബഹിരാകാശ പേടകം വിക്ഷേപിക്കും.

 

പി.എസ്.എല്‍.വി സി-25 റോക്കറ്റ് ആണ് ഇന്ത്യയുടെ ആദ്യ അന്തര്‍-ഗ്രഹ ഉപഗ്രഹമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷനെ ബഹിരാകാശത്ത് വിക്ഷേപിക്കുന്നത്. നവംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി കഴിഞ്ഞ് 38 മിനിറ്റില്‍ റോക്കറ്റ് ഉയര്‍ന്നുപൊങ്ങും. 40 മിനിട്ടുകള്‍ കൊണ്ട് റോക്കറ്റ് ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വിക്ഷേപിക്കും.

 

ആന്‍ഡമാനിലെ പോര്‍ട്ട്‌ ബ്ലെയര്‍, ബെംഗലൂരു, ബ്രുനൈ എന്നിവിടങ്ങളിലും ഇന്ത്യന്‍ ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ പസിഫിക് സമുദ്രത്തില്‍ നങ്കൂരമിട്ടിരിക്കുന്ന രണ്ട് കപ്പലുകളിലും വിക്ഷേപണത്തെ നിരീക്ഷിക്കും. 20-25 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങുന്ന ഉപഗ്രഹം ഡിസംബര്‍ ഒന്നിന് ചൊവ്വയിലേക്കുള്ള യാത്ര ആരംഭിക്കുക. ഒന്‍പത് മാസത്തിന് ശേഷം 2014 സെപ്തംബര്‍ 24-ന് ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

450 കോടി രൂപാ ചിലവില്‍ നടത്തുന്ന ദൗത്യം വിജയിക്കുകയാണെങ്കില്‍ യു.എസ്, റഷ്യ, യൂറോപ്പ് എന്നിവരുടെ നിരയില്‍ ഇന്ത്യ സ്ഥാനം പിടിക്കും. യൂറോപ്യന്‍ രാജ്യങ്ങളുടെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. യു.എസ്സിന്റെ നാസ, റഷ്യയുടെ റോസ്കോസ്മോസ് എന്നിവയാണ് ഇതുവരെ വിജയകരമായി ചൊവ്വയിലേക്ക് ദൗത്യങ്ങള്‍ അയച്ചിട്ടുള്ളത്.

 

എന്നാല്‍, ചൊവ്വയിലേക്ക് ആകെ നടത്തിയ 51 വിക്ഷേപണങ്ങളില്‍ 21 എണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ.