ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസിന്‍ ഭട്കല്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. നേപ്പാള്‍ അതിര്‍ത്തിയിലെ ഗോഖര്‍പൂരില്‍ വച്ച് കര്‍ണാടക, ഡല്‍ഹി പോലീസിന്റെ സംയുക്ത സംഘമാണ് ഭട്കലിനെ അറസ്റ്റു ചെയ്തത് എന്നാണു റിപ്പോര്‍ട്ട്. വാര്‍ത്ത ആഭ്യന്തര മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്തുണ്ടായ മുപ്പതിലധികം തീവ്രവാദ ആക്രമണങ്ങള്‍ക്ക് പുറകില്‍ ഭട്കലിന്റെ ഒഴിച്ചു കൂടാനാവാത്ത പങ്കുണ്ടെന്നാണ് ദേശീയ ഏജന്‍സികള്‍ കരുതുന്നത്. ഇന്ത്യയിലെ 13 അന്വേഷണ ഏജന്‍സികള്‍ ഭട്കലിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. 17 പേരുടെ മരണത്തിനിടയാക്കിയ 2010-ലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തില്‍ ബോംബുകള്‍ സ്ഥാപിച്ചത് യാസീന്‍ ഭട്കലാണെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്കറെ ത്വോയിബയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഭട്കലിന്റെ ഇന്ത്യന്‍ മുജാഹിദീന്‍. ലഷ്കറെ ത്വയ്ബ ഭീകരൻ അബ്ദുൽ കരിം തുണ്ടയെ കഴിഞ്ഞയാഴ്ച നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഭട്കലിനെ പിടികൂടാന്‍ കഴിഞ്ഞതെന്നും സൂചനയുണ്ട്.
2008ൽ വ്യാജ കറൻസി കേസിൽ ഭട്കലിനെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. ഭട്കലിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് സര്‍ക്കാര്‍ 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.