Skip to main content
ന്യൂഡല്‍ഹി

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 65 ഭീകര ഗ്രൂപ്പുകള്‍ സജീവമാണെന്നു ആഭ്യന്തര മന്ത്രാലയം. ഇതില്‍ 34 ഗ്രൂപ്പുകള്‍ മണിപ്പൂരിലാണെന്നും ആഭ്യന്തര സഹമന്ത്രി ആര്‍. പി.എന്‍. സിംഗ്‌ ലോക്‌സഭയില്‍ വ്യക്‌തമാക്കി. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ഇന്റലിജന്റ്‌സ്‌ രേഖകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.

 

ഭീകരവിരുദ്ധ നടപടികള്‍ക്കായുള്ള എല്ലാ സന്നാഹങ്ങളും ശക്തിപ്പെടുത്തിയതായും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. ലഷ്‌കറിനു പുറമെ ഇന്ത്യൻ മുജാഹിദ്ദിൻ, ഹിസ്ബുൾ മുജാഹിദ്ദീൻ, ഹുജി, അൽ ബദർ തുടങ്ങിയ പാക് ഭീകര സംഘടനകൾക്ക് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ശക്തിപ്രാപിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പല സംഘടനകള്‍ക്കും രാജ്യത്തിനു പുറത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന. പാകിസ്താനില്‍ നിന്നാണ് കൂടുതല്‍ സഹായം ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ അസമില്‍ 11ഉം മേഘാലയയിലും നാഗാലാന്‍ഡിലും നാലുവീതവും ത്രിപുരയിലും മിസോറാമിലും രണ്ടുവീതവും ഗ്രൂപ്പുകളും സജീവമാണ്‌. ജമ്മു കാശ്‌മീർ, നക്‌സൽ ബാധിത സംസ്ഥാനങ്ങൾ, മറ്റ് ഭാഗങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിലാണ് ഇവയുടെ പ്രവർത്തനങ്ങൾ എന്നും മന്ത്രി വിശദീകരിച്ചു.