Skip to main content
ന്യൂഡല്‍ഹി

കല്‍ക്കരിപ്പാടം അഴിമതി ഇടപാടില്‍ ഫയലുകള്‍ കാണാതായ സംഭവത്തെത്തുടര്‍ന്നു പാര്‍ലമെന്റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഫയലുകള്‍ കാണാതായതിനെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മറുപടി പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

 

അതോടൊപ്പം വിലക്കയറ്റത്തെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപാര്‍ട്ടികളും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സഭയില്‍ ബഹളം തുടര്‍ന്നത് മൂലം ഭക്ഷ്യസുരക്ഷാ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ബഹളത്തെത്തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഉച്ച വരെ നിര്‍ത്തി വച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഭക്ഷ്യ സുരക്ഷാ ബില്‍ സഭയില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്.

 

അതേസമയം കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സി.ബി.ഐക്കു കൈമാറിയെന്ന് കല്‍ക്കരി മന്ത്രി ശ്രീപ്രകാശം ജയ്സ്വാള്‍ സഭയില്‍ അറിയിച്ചു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും രാജ്യസഭയില്‍ ബി.ജെ.പി. ഉപനേതാവ് രവിശങ്കര്‍ പ്രസാദുമാണ് കല്‍ക്കരിപ്പാടം ഇടപാടു സംബന്ധിച്ച ഫയലുകള്‍ കാണാതായ പ്രശ്‌നം ഉന്നയിച്ചത്.