Skip to main content
ന്യൂഡല്‍ഹി

abdul karim tunda

രാജ്യത്ത് 40-ഇല്‍ അധികം ബോംബ്‌ സ്ഫോടനക്കേസുകളില്‍ പ്രതിയായ സയ്യിദ് അബ്ദുല്‍ കരിം അബ്ദുല്‍ കരിം എന്ന തുണ്ട നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയിലായി. ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദികളില്‍ പ്രമുഖനാണ് 70-കാരനായ തുണ്ട. തീവ്രവാദ സംഘടനയായ ലഷ്കര്‍-ഇ-തൈബയുടെ ബോംബ്‌ നിര്‍മ്മാണ വിദഗ്ദനായാണ് തുണ്ട അറിയപ്പെടുന്നത്.

 

ഡല്‍ഹി പോലീസാണ് തുണ്ടയെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഗള്‍ഫ് രാജ്യത്ത് നിന്ന്‍ നാടുകടത്തപ്പെട്ടതിനെ തുടര്‍ന്നാണ്‌ തുണ്ട നേപ്പാളില്‍ എത്തിയതെന്ന് കരുതുന്നു. ശനിയാഴ്ച തന്നെ തുണ്ടയെ കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ പിഖുവ സ്വദേശിയായ തുണ്ടക്കെതിരെ 1996-ല്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2001-ലെ പാര്‍ലിമെന്റ് ആക്രമണത്തിന് ശേഷം കുറ്റവാളികളെ കൈമാറല്‍ നിയമപ്രകാരം തുണ്ടയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ പാകിസ്താനോട്‌ ആവശ്യപ്പെട്ടിരുന്നു. 

 

ലഷ്കര്‍-ഇ-തൈബ തലവന്‍ ഹാഫിസ് മുഹമ്മദ്‌ സയീദ്‌, മറ്റൊരു തീവ്രവാദ സംഘടനയായ ജൈഷ്-ഇ-മുഹമ്മദിന്റെ തലവന്‍ മൗലാന അസര്‍ മസൂദ് ആല്‍വി എന്നിവരടക്കം 20 പേര്‍ക്കൊപ്പമാണ് തുണ്ടയെ ഇന്ത്യ ആവശ്യപ്പെട്ടത്.

 

മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, റോത്തക്ക്, ജലന്ധര്‍ എന്നിവിടങ്ങളിലായി 43 തുടര്‍സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് തുണ്ടക്കെതിരെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്. ഈ സ്ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും 400-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിന് പുറത്ത് ലഷ്കറിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതിലും തുണ്ട പ്രധാന പങ്ക് വഹിച്ചതായി കരുതപ്പെടുന്നു.

 

ബോംബ്‌ നിര്‍മ്മാണത്തിനിടെ ഇടതുകൈ നഷ്ടപ്പെട്ടതിന് ശേഷമാണ് വികലാംഗന്‍ എന്നര്‍ത്ഥമുള്ള തുണ്ട എന്ന വിളിപ്പേരില്‍ അബ്ദുല്‍ കരിം അറിയപ്പെടാന്‍ തുടങ്ങിയത്.