വദ്ര ഇടപാട്: പാര്‍ലിമെന്റ് സ്തംഭിക്കുന്നു

Tue, 13-08-2013 05:32:00 PM ;
ന്യൂഡല്‍ഹി

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ അനധികൃത ഭൂമി ഇടപാടിനെ ചൊല്ലി പാര്‍ലിമെന്റ് നടപടികള്‍ ചൊവാഴ്ച തടസ്സപ്പെട്ടു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും മുഖ്യപ്രതിപക്ഷമായ ബി.ജെ.പി ഉയര്‍ത്തിയ ബഹളം കാരണം ഇരുസഭകളും രണ്ടുതവണ നിര്‍ത്തിവെച്ചു. ചര്‍ച്ചക്ക് തയ്യാറല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

 

തെലുങ്കാന പ്രശ്നവും രണ്ടു സഭകളിലും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വേദിയായി. തെലുഗുദേശം പാര്‍ട്ടി അംഗങ്ങള്‍ ഐക്യ ആന്ധ്ര ആവശ്യവുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ അംഗങ്ങള്‍ സോളാര്‍ തട്ടിപ്പ് സംഭവം ഉന്നയിച്ചു. ജമ്മുവിലെ കിഷ്ത്വാര്‍ പ്രശ്നവും ബഹളത്തിന് വിഷയമായി.

 

റോബര്‍ട്ട് വദ്ര ഹരിയാനയില്‍ നടത്തിയ ഭൂമി ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം സംഘമെന്നും ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. എന്നാല്‍, സ്വകാര്യ വ്യക്തികളുടെ പ്രശ്നങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന് വിവര-പ്രക്ഷേപണ വകുപ്പ് മന്ത്രി മനിഷ് തിവാരി പറഞ്ഞു.

 

പ്രശ്നത്തില്‍ ബി.ജെ.പി കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ പരസ്പരം മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങിയതോടെ സഭ അരാജകവാദികളുടെ സംയുക്ത സംഘമായിരിക്കുന്നുവെന്ന് അധ്യക്ഷനായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പറഞ്ഞു. 

Tags: