ബീഹാറിലെ ബുദ്ധഗയ മഹാബോധി ക്ഷേത്രത്തിലെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതേ സമയം സ്ഫോടനം നടക്കുമ്പോഴുള്ള സി.സി. ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. സുരക്ഷാ സന്നാഹങ്ങള്‍ ശക്തമായതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ സ്ഫോടനം നടത്തിയവരെ കണ്ടു പിടിക്കാന്‍ കഴിയുമെന്നാണ് സൂചന.
അതേസമയം മ്യാന്മാറിലെ വംശീയ സംഘര്‍ഷവുമായി സ്ഫോടനത്തിനു ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. ബുദ്ധമത കേന്ദ്രങ്ങളില്‍ ആക്രമണ സാധ്യതയുണ്ടെന്നും സുരക്ഷ ശക്തമാക്കുന്നതിനും നല്‍കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നെന്നു ദല്‍ഹി പോലീസ് കമ്മിഷണര്‍ നീരജ് കുമാര്‍ വ്യക്തമാക്കി.
പൂനെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍സംഘത്തിലെ ചിലരില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഒന്‍പത് തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായത്. ബുദ്ധ സന്യാസിമാരുള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.