Skip to main content

ന്യൂഡല്‍ഹി: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച ഇന്ത്യയില്‍ എത്തും. ഇന്ത്യ-യു.എസ് നയതന്ത്ര ചര്‍ച്ചകള്‍ക്കായാണ് ജോണ്‍ കെറി ഇന്ത്യയിലെത്തുന്നത്. തിങ്കളാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടികാഴ്ച നടത്തുന്ന ഇദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, സുരക്ഷ, പ്രതിരോധം, ശാസ്ത്രസാങ്കേതികം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദുമായും ചര്‍ച്ച നടത്തും.

 

ചൊവാഴ്ച നടക്കുന്ന ഇന്ത്യ-യു.എസ് വിദ്യാഭ്യാസ ചര്‍ച്ചകളിലും ജോണ്‍ കെറി പങ്കെടുക്കും. യു.എസ്സിലെ പോലീസ് മാതൃക ഇന്ത്യയിലേക്ക്‌ കൊണ്ട് വരുന്നതിനെ കുറിച്ചും ചര്‍ച്ചയില്‍ പരിഗണിക്കും. ഇന്ത്യയിലെത്തുന്ന ഇദ്ദേഹം ബി.ജെ.പി നേതാക്കളെ സന്ദര്‍ശിക്കില്ലെന്നു യു.എസ് ഉധ്യോഗവൃന്ദം വ്യക്തമാക്കി.