ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് കേന്ദ്രം പരിശോധിച്ചതായി ആരോപണം. നിയമമന്ത്രി അശ്വനി കുമാറും പ്രധാനമന്ത്രിയുടെ കാര്യാലയ ഉദ്യോഗസ്ഥരും നിര്‍ദേശിച്ച മാറ്റങ്ങളോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന്, രാഷ്ട്രീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് എഴുതി നല്‍കാന്‍ സുപ്രീം കോടതി സി.ബി.ഐ. ഡയറക്ടറോട് ആവശ്യപ്പെട്ടു.
നിയമമന്ത്രി അശ്വനി കുമാര്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയെ വിളിച്ചുവരുത്തി റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതായി പത്രം പറയുന്നു. സ്വകാര്യ കമ്പനികള്‍ ലൈസന്‍സ് ലഭിക്കുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും സര്‍ക്കാര്‍ ഇവ പരിശോധിച്ചില്ലെന്നും കഴിഞ്ഞ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ. വെളിപ്പെടുത്തിയിരുന്നു.
‘തിരുത്തല്‍ വരുത്താത്ത, യഥാര്‍ത്ഥ റിപ്പോര്‍ട്ട്’ പുറത്തുവിടണമെന്നും അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്നും ലോക് സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കേസില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അവര്‍ ആരോപിച്ചു.
2006-09 കാലയളവില്‍ സുതാര്യമായ ലേല പ്രക്രിയ ഒഴിവാക്കി കല്‍ക്കരിപ്പാടം ഖനനത്തിന് നല്‍കിയതിലൂടെ ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ..ജി. 2012 മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരുന്നു. ജൂലൈ 2004 മുതല്‍ മെയ് 2009 വരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് കല്‍ക്കരി മന്ത്രാലയം കൈകാര്യം ചെയ്തിരുന്നത്.