Skip to main content

ബംഗലൂരു: ചൊവ്വാ ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ഉപഗ്രഹ ദൌത്യം അവസാന ഘട്ടത്തിലേക്ക്. ബഹിരാകാശ യാനത്തിലേക്ക് പേലോഡുകള്‍ ഘടിപ്പിക്കുന്ന ജോലി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) ആരംഭിച്ചു.

 

‘ചൊവ്വാ ഭ്രമണ ദൌത്യം’ എന്ന് പേരിട്ടിരിക്കുന്ന യാനം പി.എസ്.എല്‍.വി.-സി.25 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുക. നവംബറില്‍ വിക്ഷേപണത്തിനു തയ്യാറെടുക്കുന്ന യാനം പത്ത് മാസത്തിനു ശേഷം 2014 സെപ്തംബറില്‍ ചൊവ്വയിലെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണ പഥത്തില്‍ ചൊവ്വയെ ചുറ്റുന്ന യാനം ഗ്രഹത്തിന്റെ 500 കിലോമീറ്റര്‍ അടുത്തുവരെ എത്തും. ചൊവ്വയുടെ ഉപരിതലം, കാലാവസ്ഥ, ധാതുക്കള്‍ എന്നിവയാണ് പഠനലക്‌ഷ്യം. ചൊവ്വയില്‍ മീതെയ്നിന്റെ സാന്നിധ്യം പരിശോധിക്കുകയാണ് ഇതില്‍ പ്രധാനം. ഇതിനായി അഞ്ചു ഉപകരണങ്ങളും പേലോഡുകളുമാണ് 1350 കിലോഗ്രാം ഭാരം വരുന്ന യാനത്തിലുണ്ടാകുക. എന്നാല്‍ ഉപകരണങ്ങള്‍ക്കെല്ലാം 15 കിലോയേ ഭാരമുള്ളൂ.