ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് അന്നിന്റെ അര്‍ദ്ധ സഹോദരനെ വധിച്ചത് രാസായുധം ഉപയോഗിച്ചെന്ന് മലേഷ്യന്‍ പോലീസ്. ഫെബ്രുവരി 13-ന് ക്വാലാലംപൂരിലെ വിമാനത്താവളത്തില്‍ വെച്ചാണ് കിം ജോംഗ് നാം കൊല്ലപ്പെട്ടത്. വി.എക്സ് എന്ന അതീവ വിഷമുള്ള നെര്‍വ് എജന്റ് ആണ് നാമിന് നേരെ പ്രയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
മണമോ രുചിയോ ഇല്ലാത്ത വി.എക്സ് രണ്ട് സ്ത്രീകള്‍ നാമിന്റെ മുഖത്തും കണ്ണിലും പുരട്ടുകയായിരുന്നു. പോലീസിനെ സമീപിച്ച നാമിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരിച്ചു.
രാസയുദ്ധങ്ങളില്‍ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ചതാണ് വി.എക്സ്. ശ്വാസമെടുക്കാന്‍ സാധിക്കാത്ത രീതിയില്‍ ഗ്രന്ഥികളുടെയും പേശികളുടെയും പ്രവര്‍ത്തനം ഉത്തേജിപ്പിച്ച് ആളെ കൊല്ലുന്ന ഒന്നാണിത്.
സംഭവവുമായി ബന്ധപ്പെട്ട ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവടങ്ങളില്‍ നിന്നുള്ള രണ്ട് സ്ത്രീകളെയും ഒരു ഉത്തര കൊറിയന്‍ പുരുഷനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം, മരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം മലേഷ്യയ്ക്ക് ആണെന്നും മൃതദേഹത്തെ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് മലേഷ്യ ചെയ്യുന്നതെന്നും ഉത്തര കൊറിയ ആരോപിച്ചു. ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നും ഉത്തര കൊറിയ ആരോപിച്ചു.