മാദ്ധ്യമങ്ങള്‍ക്ക് നേരെയുള്ള തന്റെ ആക്രമണം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുപ്പിക്കുന്നു. ട്വിറ്ററിലെ പോസ്റ്റില്‍ അഞ്ച് മാദ്ധ്യമ സ്ഥാപനങ്ങളെ പേരെടുത്ത് പറഞ്ഞ ട്രംപ് ഇവ ജനശത്രുക്കളാണെന്ന് വിശേഷിപ്പിച്ചു. ദിനപത്രമായ ന്യൂ യോര്‍ക്ക് ടൈംസ്, ടെലിവിഷന്‍ വാര്‍ത്താചാനലുകളായ എന്‍.ബി.സി ന്യൂസ്, എ.ബി.സി, സി.ബി.എസ്, സി.എന്‍.എന്‍ എന്നിവയാണ് ട്രംപിന്റെ പട്ടികയില്‍ ഇടം പിടിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് തന്നെ മാദ്ധ്യമങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം ട്രംപ് നടത്തിയിരുന്നു. മാദ്ധ്യമങ്ങള്‍ തനിക്കെതിരെ പക്ഷം പിടിക്കുന്നുവെന്നും വ്യാജവാര്‍ത്ത നല്‍കുന്നുവെന്നുമാണ് പ്രധാന ആരോപണം. തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും ഇതേ നിലപാടിലാണ് ട്രംപ്. അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവും മാദ്ധ്യമപ്രവര്‍ത്തകനുമായ സ്റ്റീവ് ബാനന്‍, നേരത്തെ മാദ്ധ്യമങ്ങളാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രതിപക്ഷ കക്ഷിയായി പ്രവര്‍ത്തിക്കുന്നതെന്ന് പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും മാദ്ധ്യമങ്ങള്‍ക്ക് നേരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന മൈക്കല്‍ ഫ്ലിന്നിന്റെ രാജിയ്ക്ക് പിന്നാലെയായിരുന്നു വാര്‍ത്താസമ്മേളനം. റഷ്യയുടെ സ്ഥാനപതിയുമായി നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങള്‍ മറച്ചുവെച്ചു എന്നത് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു രാജി. യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളാണ് ഈ വിവരം മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്നും ട്രംപ് ആരോപിച്ചിരുന്നു.