ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍.പി.ടി) ഒപ്പ് വെക്കാത്ത രാഷ്ട്രങ്ങള്‍ക്ക് ആണവ വിതരണ സംഘത്തിലെ (എന്‍.എസ്.ജി) അംഗത്വം നല്‍കാന്‍ ഇത് രാഷ്ട്രങ്ങള്‍ പരസ്പരം നല്‍കുന്ന ‘വിടവാങ്ങല്‍ സമ്മാന’മല്ലെന്ന് ചൈന. ഇന്ത്യയ്ക്ക് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കാനുള്ള ശ്രമങ്ങളില്‍ നിന്ന്‍ ‘വേറിട്ട് നില്‍ക്കുന്ന’ സമീപനമാണ് ബീജിങ്ങ് സ്വീകരിച്ചതെന്ന യു.എസ് ഭരണകൂടത്തിന്റെ ആരോപണത്തിന് മറുപടിയായാണ് ചൈനയുടെ പ്രസ്താവന.
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം സംബന്ധിച്ച വിഷയത്തില്‍ യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് നിഷ ബിസ്വാള്‍ ചൈനയെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിംഗ് ഒബാമ ഭരണകൂടത്തിന് നേരെ വിമര്‍ശനം ഉന്നയിച്ചത്. എന്‍.പി.ടിയില്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങളുടെ എന്‍.എസ്.ജി അംഗത്വം സംബന്ധിച്ച ചൈനയുടെ നിലപാടില്‍ മാറ്റമില്ലെന്നും ഹുവ വ്യക്തമാക്കി.
എന്‍.പി.ടിയില്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്കായി പൊതുവായ മാനദണ്ഡങ്ങള്‍ രൂപീകരിച്ച ശേഷം ഓരോ രാജ്യത്തിന്റേയും അപേക്ഷ പ്രത്യേകമായി ചര്‍ച്ച ചെയ്തുകൊണ്ടുള്ള ദ്വിമുഖ രീതിയാണ് ചൈന മുന്നോട്ടുവെക്കുന്നത്. ഇതിന് പുറമേ, ഇന്ത്യയ്ക്ക് പിന്നാലെ എസ്.എസ്.ജി അംഗത്വത്തിനായി അപേക്ഷിച്ചിട്ടുള്ള പാകിസ്ഥാനുമായും ചൈന ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.