Skip to main content

ചൈനയെ ചൊടിപ്പിക്കുന്ന പ്രസ്താവനയുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. തായ്‌വാനെ ഔദ്യോഗികമായി അംഗീകരിക്കാത്ത ‘ഒരു ചൈന’ നയം ചര്‍ച്ചയ്ക്ക് വിധേയമാണെന്ന് ട്രംപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. തായ്‌വാനെ രാഷ്ട്രമായി അംഗീകരിക്കുന്ന രാജ്യങ്ങളുമായി ചൈന നയതന്ത്ര ബന്ധം പുലര്‍ത്താറില്ല.

 

വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. നേരത്തെ, തെരഞ്ഞെടുപ്പ് ജയിച്ച ശേഷം തായ്‌വാന്‍ പ്രസിഡന്റില്‍ നിന്ന്‍ അഭിനന്ദന ടെലിഫോണ്‍ സന്ദേശം സ്വീകരിച്ച ട്രംപിന്റെ നടപടി ചൈനയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. തായ്‌വാന്‍ യു.എസില്‍ നിന്ന്‍ ആയുധം വാങ്ങുമ്പോള്‍ ഒരു ചൈന നയം പിന്തുടരേണ്ട ആവശ്യമെന്തെന്നും ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.

 

കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം തായ്‌വാനിലെ ചൈനീസ് റിപ്പബ്ലിക് സര്‍ക്കാറിനെയാണ് യു.എസ് ഔദ്യോഗികമായി അംഗീകരിച്ചിരുന്നത്. 1979-ലാണ് യു.എസ് ജനകീയ ചൈനീസ്‌ റിപ്പബ്ലിക്കിനെ ചൈനയുടെ സര്‍ക്കാരായി അംഗീകരിക്കുകയും നയതന്ത്ര ബന്ധം ആരംഭിക്കുകയും ചെയ്തത്.