Skip to main content
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലാരി ക്ലിന്റണ്‍ ചരിത്രം കുറിച്ചു. യു.എസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതയ്ക്ക് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നോമിനേഷന്‍ ലഭിക്കുന്നത്‌ ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനിലാണ്‌ ഹിലാരിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാമനിർദ്ദേശത്തിന് വേണ്ട പ്രതിനിധി പിന്തുണ ഹിലാരി നേരത്തേ ഉറപ്പിച്ചിരുന്നു. എന്നാൽ, വോട്ടെടുപ്പ് കൂടാതെ ഹിലാരിയെ നാമനിർദ്ദേശം ചെയ്യാനുള്ള പ്രമേയം കൺവെൻഷനിൽ പ്രൈമറി തെരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളി ഉയർത്തിയ ബേണി സാന്‍ഡേഴ്‌സ് തന്നെ അവതരിപ്പിച്ചു. നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപാണ് ഹിലാരിയുടെ എതിരാളി.  പ്രസിഡന്റ് ബരാക് ഒബാമയുടെ ആദ്യ ടേമിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന അവർ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ഭാര്യയാണ്.