തുര്‍ക്കി ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ 2010 മുതലുള്ള ഇമെയിലുകള്‍ വിക്കിലീക്സ് പുറത്തുവിട്ടു. ഇതിനെ തുടര്‍ന്ന്‍ വിക്കിലീക്സ് വെബ്സൈറ്റിലേക്കുള്ള പ്രവേശനം തുര്‍ക്കി സര്‍ക്കാര്‍ തടഞ്ഞു. രാജ്യത്തെ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന്‍ വിക്കിലീക്സ് പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന അട്ടിമറി ശ്രമത്തിനെ തുടര്‍ന്ന്‍ സൈനികരും പോലീസുകാരും ന്യായാധിപരും അടക്കം ഏകദേശം 50,000 പേര്‍ സസ്പെന്ഡ് ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അടിച്ചമര്‍ത്തലിന്റെ വ്യാപ്തിയില്‍ തുര്‍ക്കിയുടെ സഖ്യകക്ഷികളായ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തന്നെ ആശങ്ക പ്രകടിപ്പിചിരിക്കുകയാണ്.
2010 മുതല്‍ ഈ വര്‍ഷം ജൂലൈ ആറു വരെയുള്ള കാലയളവിലെ മൂന്ന്‍ ലക്ഷത്തോളം ഇമെയിലുകളാണ് വിക്കിലീക്സ് പുറത്തുവിട്ടത്. അട്ടിമറി ശ്രമത്തിനു മുന്‍പേ ലഭിച്ച ഇവ സര്‍ക്കാറിന്റെ അടിച്ചമര്‍ത്തലിനോടുള്ള പ്രതികരണമായി ഇപ്പോള്‍ പ്രസിദ്ധീകരിക്കുകയാണെന്ന് വിക്കിലീക്സ് പറഞ്ഞു. അട്ടിമറിയുടെ പിന്നിലുള്ളവരോ എതിര്‍പാര്‍ട്ടികളോ എതിര്‍രാഷ്ട്രങ്ങളോ അല്ല മെയില്‍ ചോര്‍ത്തലിന് പിന്നിലെന്നും വിക്കിലീക്സ് വ്യക്തമാക്കി.