കാമുകി റീവ സ്റ്റീന്‍കാമ്പിനെ കൊലപ്പെടുത്തിയ കുറ്റത്തില്‍ ദക്ഷിണാഫ്രിക്കയുടെ അംഗപരിമിത കായികതാരം ഓസ്കാര്‍ പിസ്തോരിയസിനെ കോടതി ആറു വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ടുകാലും നഷ്ടപ്പെട്ടിട്ടും ഒളിമ്പിക്സില്‍ പങ്കെടുത്ത പിസ്തോരിയസിനെ വീണുപോയ നായകന്‍ എന്നായിരുന്നു വിധി പ്രസ്താവിച്ച ഹൈക്കോടതി ജഡ്ജി വിശേഷിപ്പിച്ചത്.
വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് പിസ്തോരിയസിന്റെ അഭിഭാഷകന്‍ പറഞ്ഞു. കൊലക്കുറ്റത്തിന് ദക്ഷിണാഫ്രിക്കയിലെ ചുരുങ്ങിയ ശിക്ഷ 15 വര്‍ഷമാണെങ്കിലും കുറഞ്ഞ ശിക്ഷ നല്‍കുന്നതിനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതായി ജഡ്ജി തോകൊസിലെ മാസിപ നിരീക്ഷിച്ചു. പുനരധിവസിപ്പിക്കാന്‍ കഴിയുന്ന വ്യക്തിയാണ് പിസ്തോരിയസ് എന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.
2013-ലാണ് പിസ്തോരിയസിന്റെ വസതിയില്‍ വെച്ച് സ്റ്റീന്‍കാമ്പ് വെടിയേറ്റ് മരിച്ചത്. 11 മാസം മാത്രം പ്രായമുള്ളപ്പോള്‍ മുട്ടിന് കീഴെ രണ്ടു കാലും മുറിച്ചുമാറ്റിയ പിസ്തോരിയസ് 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ 400 മീറ്റര്‍, 4x400 മീറ്റര്‍ റിലെ ഓട്ടമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.