Skip to main content
ഇസ്ലാമാബാദ്

 

 

വര്‍ഷങ്ങള്‍ക്കിടെ നടപ്പാക്കിയ വധശിക്ഷയില്‍ പാകിസ്ഥാന്‍ രണ്ട് ഭീകരരെ വെള്ളിയാഴ്ച തൂക്കിലേറ്റി. പെഷവാറില്‍ താലിബാന്‍ ഭീകരര്‍ ചൊവ്വാഴ്ച സ്കൂള്‍ ആക്രമിച്ച് വിദ്യാര്‍ഥികളെ വധിച്ചതിന് പിന്നാലെയാണ് വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചത്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളില്‍ തീവ്രവാദികള്‍ക്കെതിരെ പാക് സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

 

 

 

വധശിക്ഷ നടപ്പിലാക്കിയാല്‍ കൂടുതല്‍ കുട്ടികളെ വധിക്കുമെന്ന് താലിബാന്‍ വെള്ളിയാഴ്ച ഭീഷണി മുഴക്കിയിരുന്നു. സൈനിക ജനറല്‍മാരുടേയും രാഷ്ട്രീയക്കാരുടേയും വീടുകളില്‍ ദു:ഖാചരണം നടത്തേണ്ട അവസ്ഥ ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് താലിബാന്‍ വക്താവ് മൊഹമ്മദ് ഖുറസ്സാനി പ്രസ്താവനയില്‍ പറഞ്ഞു.

 

അഫ്ഘാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ വസീറിസ്ഥാനില്‍ താലിബാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ പാക് കരസേനയും വ്യോമസേനയും ശക്തമായ ആക്രമണമാണ് നടത്തുന്നത്. പെഷവാര്‍ സംഭവത്തിന്‌ ശേഷം ഇതിനകം 119 പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.  

 

പെഷവാറിലെ സൈനിക സ്കൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 148 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷം പേരും കുട്ടികളാണ്.