ക്യാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ പാര്‍ലമെന്റ് കെട്ടിടം അടക്കമുള്ള പ്രദേശങ്ങളില്‍ ആയുധധാരികള്‍ ബുധനാഴ്ച രാവിലെ ആക്രമണം നടത്തി. പാര്‍ലമെന്റിലെ തന്റെ മുറിയില്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ ഒരു യോഗത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ വളരെ സമീപത്തായി ഒരാള്‍ വെടിയുതിര്‍ത്തു. ദേശീയ യുദ്ധ സ്മാരകത്തില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു.
പാര്‍ലമെന്റ് കെട്ടിടം ആക്രമിച്ച ആയുധധാരിയെ സുരക്ഷാ സൈനികര്‍ വെടിവെച്ചുവീഴ്ത്തി. പ്രധാനമന്ത്രി ഹാര്‍പ്പറെ ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യുദ്ധസ്മാരകം ആക്രമിച്ചയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്. ഒട്ടാവയില്‍ പാര്‍ലമെന്റ് ഹില്‍ പ്രദേശം ഇപ്പോഴും നിരോധനാജ്ഞയുടെ കീഴിലാണ്.
ഈയിടെ ഇസ്ലാം മതം സ്വീകരിച്ചയാളാണ് പാര്‍ലമെന്റ് ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. ഇസ്ലാമിലേക്ക് മതം മാറിയ മറ്റൊരാള്‍ തിങ്കളാഴ്ച ക്യാനഡയിലെ ക്യുബക്കില്‍ രണ്ട് സൈനികരെ ആക്രമിച്ച് ഒരാളെ കൊലപ്പെടുത്തിയിരുന്നു.
ആക്രമണത്തിന് പത്ത് മണിക്കൂറുകള്‍ക്ക് ശേഷം പ്രധാനമന്ത്രി ഹാര്‍പ്പര്‍ അജ്ഞാതകേന്ദ്രത്തില്‍ നിന്ന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. ഈ ആക്രമണം കൊണ്ട് ക്യാനഡയെ പേടിപ്പിക്കാന്‍ കഴിയില്ലെന്നും മറിച്ച് ഭീഷണികളെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഇരട്ടിയാക്കാനും ശക്തിപ്പെടുത്താനും ഈ ആക്രമണം പ്രേരകമാകുമെന്നും ഹാര്‍പ്പര്‍ പറഞ്ഞു. അക്രമികളെ തീവ്രവാദികള്‍ എന്ന്‍ വിശേഷിപ്പിച്ച ഹാര്‍പ്പര്‍ ഇവര്‍ തനിച്ചാണോ ആരുടെയെങ്കിലും സഹായത്തോടെയാണോ ആക്രമണം നടത്തിയതെന്ന് വൈകാതെ അറിയാന്‍ കഴിയുമെന്ന് പറഞ്ഞു.
ഒരു പതിറ്റാണ്ടിലേറെയായി യു.എസ് നേതൃത്വത്തില്‍ നടത്തുന്ന തീവ്രവാദത്തിനെതിരെയുള്ള ആഗോള യുദ്ധത്തില്‍ പ്രമുഖ പങ്ക് വഹിക്കുന്ന രാജ്യമാണ് ക്യാനഡ. എന്നാല്‍, ക്യാനഡയുടെ ഭൂപ്രദേശത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആക്രമണം നടക്കുന്നത്. ഇറാഖിലേയും സിറിയയിലേയും പ്രദേശങ്ങളുടെ നിയന്ത്രണം കയ്യടക്കിയ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യു.എസ് ആരംഭിച്ച വ്യോമാക്രമണത്തില്‍ പങ്കെടുക്കുമെന്ന് ഈ മാസമാദ്യം ക്യാനഡ പ്രഖ്യാപിച്ചിരുന്നു. ക്യാനഡ ആക്രമണം നടത്തിയയാള്‍ എന്നവകാശപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ട്വിറ്റര്‍ അക്കൌണ്ടില്‍ ഒരാളുടെ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.