ചരിത്രനോവലുകളിലൂടെ ശ്രദ്ധേയനായ ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക് മോദിയാണോയ്ക്ക് 2014-ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം. നാസി അധിനിവേശ കാലത്തെ ഫ്രാന്‍സ് ആണ് മോദിയാണോയുടെ നോവലുകളുടെ പ്രധാന പ്രമേയം. മനസിലാക്കാന്‍ ആകാത്ത മാനുഷിക വിധികളെ ആവിഷ്കരിക്കുകയും അധിനിവേശത്തിന്‍റെ ജീവിത-ലോകത്തെ വെളിപ്പെടുത്തുകയും ചെയ്ത ഓര്‍മ്മയുടെ കലയാണ് മോദിയാണോയുടെ എഴുത്തെന്ന്‍ പുരസ്കാരം നിര്‍ണ്ണയിച്ച സ്വീഡിഷ് അക്കാദമി പറഞ്ഞു.
പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും നിസംഗതയാണ് തോന്നുന്നതെന്നും 69-കാരനായ മോദിയാണോ പാരീസില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആദ്യനോവല്‍ ലാ പ്ലേസ് ഡെ ലെടോയ്ല്‍ 1968-ലാണ് പ്രസിദ്ധീകരിച്ചത്. 30-നടുത്ത് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സില്‍ നിലവില്‍ വന്ന നാസി അനുകൂല വിഷി ഭരണകൂടത്തിന്‍റെ നടപടികളാണ് മോദിയാണോയുടെ എഴുത്തുകളില്‍ ആവിഷ്കരിക്കപ്പെടുന്നത്.