ചൈനയിലെ സിന്‍ജിയാംഗ് മേഖലയില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 90 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് വാഹനങ്ങള്‍ സിന്‍ജിയാംഗിലെ മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറുകയും അതില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ ആളുകള്‍ക്ക് നേരെ എറിയുകയും ആയിരുന്നു. വാഹനങ്ങളില്‍ ഒരെണ്ണം പൊട്ടിത്തെറിച്ചു. അതി ശക്തമായ സ്ഫോടനമാണ് നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദികളുടെ ആക്രമണ പരമ്പരയാണ് ചൈനയില്‍ നടക്കുന്നതെന്ന് പൊതു സുരക്ഷാ വകുപ്പ് വ്യക്തമാക്കി. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാംഗ് കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുസ്ലിങ്ങളും ഹാന്‍ വംശജരും തമ്മില്‍ സംഘര്‍ഷം പതിവായ മേഖലയാണിത്. സംഭവസ്ഥലത്ത് സൈനികര്‍ സുരക്ഷാവലയം തീര്‍ത്തിരിക്കുകായാണ്. 2009-ല്‍ ഉണ്ടായ കലാപത്തില്‍ 197 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.