ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഭൂമിയോട് ഏറ്റവും സാദൃശ്യമുള്ള ഗ്രഹം കണ്ടെത്തിയതായി വാനശാസ്ത്രജ്ഞര്‍. വലിപ്പത്തില്‍ ഭൂമിയ്ക്ക് തുല്യവും ജീവന് സംജാതമാകാനുള്ള സാധ്യതയോട് കൂടിയതുമാണ് ഈ ഗ്രഹം. അധികം തണുപ്പോ ചൂടോ ഇല്ലാത്ത ഗോള്‍ഡിലോക്സ് മേഖലയിലാണ് പാറകള്‍ നിറഞ്ഞ ഗ്രഹത്തിന്റെ സ്ഥാനം.
സൗരയൂഥത്തിന് പുറത്ത് ക്ഷീരപഥത്തില്‍ ജീവന് നിലനില്ക്കാനും ജീവജാലങ്ങള്‍ക്ക് അധിവസിക്കാനും സാധ്യതയുള്ള ഗ്രഹങ്ങള്‍ വര്‍ഷങ്ങളായി തേടിക്കൊണ്ടിരിക്കുന്നവര്‍ക്ക് ആവേശം നല്കുന്ന കണ്ടെത്തല്‍ വ്യാഴാഴ്ചയാണ് യു.എസ് ബഹിരാകാശ സംഘടനയായ നാസ പ്രഖ്യാപിച്ചത്. സയന്‍സ് മാഗസിനില്‍ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെപ്ലര്‍ ദൂരദര്‍ശിനിയില്‍ നിന്നുള്ള ചിത്രങ്ങള്‍ അപഗ്രഥിച്ച് നാസയിലെ ഗവേഷകരാണ് ഗ്രഹത്തിന്റെ സ്ഥാനവും സ്വഭാവവും സംബന്ധിച്ച അനുമാനങ്ങള്‍ പുറത്തുവിട്ടത്. ഭൂമിയില്‍ നിന്ന് 500 പ്രകാശ വര്‍ഷങ്ങള്‍ അകലെ സിഗ്നസ് നക്ഷത്ര സമൂഹത്തില്‍ ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെ 130 ദിവസം കൊണ്ട് വലംവെക്കുന്ന ഗ്രഹത്തിന് കെപ്ലര്‍-186എഫ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 9.5 ലക്ഷം കോടി കിലോമീറ്റര്‍ ആണ് ഒരു പ്രകാശ വര്‍ഷം.
ഭൂമിയേക്കാളും പത്ത് ശതമാനം അധികം വലുപ്പമുള്ള ഗ്രഹത്തില്‍ ദ്രാവക രൂപത്തില്‍ ജലം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. നക്ഷത്രത്തിനു ചുറ്റുമുള്ള അധിവാസയോഗ്യമായ മേഖലയുടെ തൊട്ടുപുറത്താണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ജലം തിളച്ച് ആവിയായി പോകാനോ മരവിച്ച് ഖരാവസ്ഥയിലാകാനോ സാധ്യത കുറവാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയേക്കാളും തണുപ്പ് ഈ ഗ്രഹത്തില്‍ കുറഞ്ഞിരിക്കാനും സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
2009-ല്‍ വിക്ഷേപിച്ച കെപ്ലര്‍ ദൂരദര്‍ശിനി ഇതുവരെ 961 ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതില്‍ അപൂര്‍വ്വം ചിലത് മാത്രമേ അധിവാസയോഗ്യ മേഖലയില്‍ ഉണ്ടായിരുന്നുള്ളൂ. കെപ്ലര്‍-186എഫിന് സമാനമായ വലിപ്പമുള്ള മറ്റ് നാല് ഗ്രഹങ്ങളും നക്ഷത്രത്തെ വലംവെക്കുന്നുണ്ടെങ്കിലും ഇവയെല്ലാം നക്ഷത്രത്തിനു വളരെ അടുത്തായതിനാല്‍ ജീവന് നിലനില്ക്കാന് സാധ്യത നല്‍കുന്നില്ല.
അതേസമയം, കെപ്ലര്‍-186എഫില്‍ നേരിട്ട് പഠനം നടത്തുന്നത് സമീപകാലത്തെങ്ങും നടക്കുമെന്ന് കരുതാനാകില്ല. 2018-ല്‍ വിക്ഷേപണത്തിന് തയ്യാറെടുക്കുന്ന നാസയുടെ പുതിയ തലമുറ ദൂരദര്‍ശിനി ജയിംസ് വെബ്ബിന്റെ പരിധിയില്‍ നിന്നുപോലും ഒട്ടേറെ അകലെയാണ് ഈ ഗ്രഹം.