ഉത്തര കൊറിയയിലെ പാര്‍ലിമെന്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ പരമോന്നത നേതാവ് കിം ജോങ്ങ് അന്നിന് തന്റെ മണ്ഡലത്തിലെ മുഴുവന്‍ വോട്ടുകളും ലഭിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍. ഞായാറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കിമ്മിന് എതിരാളികള്‍ ഉണ്ടായിരുന്നില്ലെങ്കിലും 100 ശതമാനം പോളിംഗ് നടന്നതായും ആരും എതിര്‍ത്ത് വോട്ടു ചെയ്തില്ലെന്നുമാണ് റിപ്പോര്‍ട്ട്.
വെറും ചടങ്ങ് മാത്രമായി നിരീക്ഷകര്‍ കരുതുന്ന ഉത്തര കൊറിയയില്‍ പക്ഷെ, വോട്ടു രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. പാര്‍ലിമെന്റായ പരമോന്നത ജനകീയ സഭയിലെ 687 സ്ഥാനങ്ങളിലേക്ക് ഓരോ മണ്ഡലത്തിലും നിശ്ചയിച്ചിരിക്കുന്ന ഒരു സ്ഥാനാര്‍ഥിയോട് യോജിപ്പോ വിയോജിപ്പോ രേഖപ്പെടുത്താനുള്ള അവസരമാണ് വോട്ടര്‍മാര്‍ക്കുള്ളത്. എന്നാല്‍, വിയോജിപ്പ് വോട്ട് പ്രത്യേക ബൂത്തില്‍ രേഖപ്പെടുത്തണം എന്നുള്ളതിനാല്‍ ഈ സാധ്യത അധികമാരും ഉപയോഗിക്കാറില്ല.
അച്ഛന്‍ കിം ജോങ്ങ് ഇല്ലിന്റെ മരണത്തെ തുടര്‍ന്ന് കിം ജോങ്ങ് അന്‍ അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2009-ല്‍ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അച്ഛന്‍ കിമ്മിനും മുഴുവന്‍ വോട്ടുകളും ലഭിച്ചിരുന്നെങ്കിലും അന്ന്‍ പോളിംഗ് ശതമാനം 99.98 ശതമാനമെന്നായിരുന്നു റിപ്പോര്‍ട്ട്.