Skip to main content
മോസ്കോ

bus attacked in volgograd russia

 

റഷ്യയിലെ വോള്‍ഗാഗ്രാഡ് നഗരത്തില്‍ തിങ്കളാഴ്ച ഒരു ബസില്‍ ഉണ്ടായ സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച നഗരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടും തീവ്രവാദ ആക്രമണങ്ങളാണെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

റഷ്യയില്‍ ശീതകാല ഒളിമ്പിക്സ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രമുള്ള പശ്ചാത്തലത്തില്‍ ആക്രമണങ്ങള്‍ ഒളിമ്പിക്സിന്റെ സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ റഷ്യന്‍ നഗരമായ സോച്ചിയിലാണ് ഒളിമ്പിക് മത്സരങ്ങള്‍ നടക്കുക. റഷ്യയിലെ പ്രശ്നബാധിത മേഖലയായ വടക്കന്‍ കോക്കസസ് പ്രദേശത്തിന് സമീപമാണ് സോച്ചി   

 

രാജ്യത്തെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് ശേഷം ഉത്തരവിട്ടിരുന്നു. സോച്ചിയില്‍ ഇതിനകം തന്നെ കനത്ത സുരക്ഷാ സന്നാഹമാണ് റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെച്ചന്‍ പ്രദേശത്തെ മുസ്ലിം വിമതനേതാവായ ഡോകു ഉമരോവ് സോച്ചിയില്‍ ഒളിമ്പിക്സ്‌ നടത്തുന്നത് തടയുമെന്ന് കഴിഞ്ഞ ജൂലൈയില്‍ പ്രസ്താവിച്ചിരുന്നു.

 

പ്രസിഡന്റ് പുടിന്‍ നേരിട്ട് താല്‍പ്പര്യം എടുക്കുന്ന ഒന്നാണ് സോച്ചി ഒളിമ്പിക്സിന്റെ വിജയം. ഒളിമ്പിക്സിന് മുന്നോടിയായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനം ലഘൂകരികാന്‍ ലക്ഷ്യമിട്ട് തടവിലുള്ള തന്റെ ചില വിമര്‍ശകരെ പുടിന് ഈയിടെ മാപ്പ് നല്‍കി വിട്ടയച്ചിരുന്നു. എണ്ണ വ്യവസായി മിഖായേല്‍ ഖോദോര്‍കൊവ്സ്കി, സംഗീത ബാന്‍ഡ് പുസി റയട്ടിന്റെ അംഗങ്ങള്‍, പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ എന്നിവര്‍ ഇതില്‍പ്പെടും.