സാഹിത്യത്തിനുള്ള 2013-ലെ നോബല്‍ പുരസ്കാരം കനേഡിയന്‍ എഴുത്തുകാരി ആലീസ് മണ്‍റോയ്ക്ക്. സമകാലീന ചെറുകഥയുടെ അധിപ എന്നാണ് 82-കാരിയായ മണ്‍റോയെ പുരസ്കാരം പ്രഖ്യാപിച്ച സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ചത്.
ലോകത്തെ ജീവിച്ചിരിക്കുന്ന മികച്ച കഥാകൃത്തുകളില്‍ ഒരാളായി അറിയപ്പെടുന്ന മണ്‍റോ 2009-ല്‍ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്കാരം നേടിയിട്ടുണ്ട്. സ്വദേശമായ ഒന്റാരിയോ കേന്ദ്രമാക്കി എഴുതുന്ന അവരുടെ കഥകള്‍ മാനവിക സങ്കീര്‍ണ്ണതകള്‍ അയത്നലളിതമായ ശൈലിയില്‍ ഇതള്‍വിരിയുന്നു. ഈ ശൈലി ഈ കാലഘട്ടത്തിലെ ചെഖോവ് എന്ന വിളിപ്പേരും അവര്‍ക്ക് നേടിക്കൊടുത്തു.
1968-ല്‍ പ്രസിദ്ധീകരിച്ച ആദ്യ കഥാസമാഹാരം ഡാന്‍സ് ഓഫ് ഹാപ്പി ഷേഡ്സ്, (Dance of Happy Shades) തന്നെ നിരൂപക പ്രശംസ നേടി. 1980-കളിലും 1990-കളിലും അവരുടെ ഒട്ടേറെ സമാഹാരങ്ങള്‍ പുറത്തുവന്നു. ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വിമിന്‍ (Lives of Girls and Women), ഹു ഡു യു തിങ്ക് യു ആര്‍? (Who Do You Think You Are?) എന്നിവ പ്രശസ്തങ്ങളാണ്. ഡിയര്‍ ലൈഫ് (Dear Life)ആണ് അവസാനം പുറത്തുവന്ന സമാഹാരം.
സ്വീഡിഷ് വ്യവസായിയായിരുന്ന ആല്‍ഫ്രഡ് നോബല്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം സ്റ്റോക്ക്ഹോമിലെയും ഓസ്ലോവിലെയും പുരസ്കാര നിര്‍ണ്ണയ സമിതികളാണ് തീരുമാനിക്കുന്നത്. 1901 മുതല്‍ നല്‍കിവരുന്ന പുരസ്കാരം സമ്മാനിക്കുക 1896-ല്‍ അന്തരിച്ച നോബലിന്റെ ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ പത്തിനാണ്. 80 ലക്ഷം സ്വീഡിഷ് ക്രോണര്‍ ആണ് സമ്മാനത്തുക. ചൈനീസ് എഴുത്തുകാരനായ മോ യാന്‍ ആണ് കഴിഞ്ഞ വര്‍ഷം പുരസ്കാരത്തിന് അര്‍ഹനായത്.