നൈജീരിയയില്‍ തീവ്രവാദ സംഘടനയായ ബോകോ ഹറം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നടത്തിയ വിവിധ ആക്രമണങ്ങളില്‍ ചുരുങ്ങിയത് 85 പേരെങ്കിലും കൊല്ലപ്പെട്ടു. മുസ്ലിം വിഭാഗത്തിന് ഭൂരിപക്ഷമുള്ള വടക്കന്‍ പ്രദേശങ്ങളില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബോകോ ഹറം.
ഞായറാഴ്ച കാലത്ത് യോബെ സംസ്ഥാനത്തെ കാര്‍ഷിക കോളേജില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ഇവര്‍ നടത്തിയ വെടിവെപ്പില്‍ 47 പേര്‍ മരിച്ചു. 18-നും 22-നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച വിദ്യാര്‍ഥികള്‍. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച കടുന സംസ്ഥാനത്ത് നടന്ന വെടിവെപ്പില്‍ 11 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായും ഞായറാഴ്ച അധികൃതര്‍ വെളിപ്പെടുത്തി. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ബോര്‍നൊ സംസ്ഥാനത്ത് നടന്ന അക്രമത്തില്‍ 27 പേരോളം കൊല്ലപ്പെട്ടിരുന്നു.
ഇസ്ലാമിക ശരിഅത്ത് നടപ്പിലാക്കുന്നത് വരെ കൂടുതല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുമെന്ന ബോകോ ഹറം നേതാവ് അബുബകര്‍ ഷെകാവിന്റെ ഭീഷണിയുടെ പിന്നാലെയാണ് ആക്രമണങ്ങള്‍ രൂക്ഷമായത്. 2009-ന് ശേഷം നൈജീരിയയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ സംഘടന നടത്തിയ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സൈന്യവും ബോകോ ഹറവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കനത്തതോടെ അടമാവ, ബോര്‍നൊ, യോബെ സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.